ഇന്ധന വിലവര്‍ധനവ്: അധിക നികുതി ഒഴിവാക്കി; കേരളത്തിൽ ജൂൺ ഒന്നുമുതൽ ഒരു രൂപ കുറയും

Published On: 2018-05-30T16:00:00+05:30
ഇന്ധന വിലവര്‍ധനവ്: അധിക നികുതി ഒഴിവാക്കി; കേരളത്തിൽ ജൂൺ ഒന്നുമുതൽ ഒരു രൂപ കുറയും

തിരുവനന്തപുരം : ജൂൺ ഒന്ന് മുതൽ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറവുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാലും നമ്മുടെ നാട്ടിൽ വില കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യമാകെ പെട്രോൾ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കേന്ദ്രം അതു മുഖവിലയ്ക്കെടുക്കുന്നില്ല.

സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്രത്തിന് ഒരു സന്ദേശമാണ് – ഞങ്ങൾ ഇങ്ങനെ ചെയ്തു, നിങ്ങളും വില കുറയ്ക്കണം. കേന്ദ്രം ഇതിന്റെ ഭാഗമായി വില കുറയ്ക്കാൻ തയാറാകണം. ഉപഭോക്താവ് കൂടുതൽ വില നൽകേണ്ട സാഹചര്യമാണിപ്പോൾ. ജനങ്ങൾ ദുരിതത്തിലാണ്. അവരെ ഇതിൽനിന്നു രക്ഷിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. നികുതി കുറയ്ക്കുന്നതുമൂലം കേരളത്തിന് 509 കോടി രൂപയുടെ കുറവുണ്ടാകും. സംസ്ഥാനത്തിന് ഈ നഷ്ടം സഹിക്കുക വലിയ പ്രയാസമാണ്. എന്നാൽ കേന്ദ്രത്തിന് ഒരു സന്ദേശമായാണ് ഇത്രയും നഷ്ടം കേരളം സഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കടല്‍ക്ഷോഭം മൂലം വീടു നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ തന്നെ 25,000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വീടു നിര്‍മിക്കുന്നതിന് സ്ഥലം കണ്ട് അതിന്റെ രേഖ തീര്‍ത്താല്‍ 5,75000 രൂപ നല്‍കും. വീടു നിര്‍മാണത്തിനായി 4 ലക്ഷം രൂപ നല്‍കും. ഇത്തരത്തില്‍ പത്ത് ലക്ഷം രൂപ ആകെ ധനസഹായമായി അനുവദിക്കും

ഭാഗീകമായി വീടു തകര്‍ന്നവരും മറ്റ് പ്രശ്‌നങ്ങളും ഉണ്ടായവര്‍ക്ക് റവന്യ വകുപ്പിന്റെ സഹായം നല്‍കുന്നുണ്ട്.അതുതന്നെ തുടര്‍ന്നും ഉണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാല്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ ഭാഗത്തും കടലാക്രമണമുണ്ടായിട്ടുണ്ട്. അതിനാല്‍ കടല്‍ ഭിത്തികളും തീര സംരക്ഷണത്തിന് ജിയോ ട്യൂബും ലഭ്യമാക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

Top Stories
Share it
Top