സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് പേമാരി

തിരുവന്തപുരം: ജന ജീവിതം ദുസഹമാക്കി സംസ്ഥാനത്ത് പേമാരിയും അതിശക്തമായ മഴയും തുടരുകയാണ്. മൂന്നിടത്ത് പേമാരിയും 61 സ്ഥലങ്ങളില്‍ അതിശക്ത മഴയുമുണ്ടായി....

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് പേമാരി

തിരുവന്തപുരം: ജന ജീവിതം ദുസഹമാക്കി സംസ്ഥാനത്ത് പേമാരിയും അതിശക്തമായ മഴയും തുടരുകയാണ്. മൂന്നിടത്ത് പേമാരിയും 61 സ്ഥലങ്ങളില്‍ അതിശക്ത മഴയുമുണ്ടായി. ഞായറാഴ്ച രാവിലെ 8.30 മുതല്‍ തിങ്കളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറാണ് നിലക്കാതെ പേമാരി പെയ്തിറങ്ങിയത്. പടിഞ്ഞാറെ കൊച്ചി, നേവല്‍ബേസ് സ്റ്റേഷന്‍ (232) പിറവം (221) മൂന്നാര്‍202)എന്നിവിടങ്ങളിലണ് പേമാരിയുണ്ടായത്. 200 മില്ലിമീറ്ററിന് മുകളില്‍ ലഭിക്കുന്ന മഴയാണ് കാലാവസ്ഥ വകുപ്പ് പേമാരിയായി കണക്കാക്കുക.

പീരുമേട് (189), കൊച്ചി (162), ഇടുക്കി (153), കുമരകം(153), ചേര്‍ത്തല (140), മാെങ്കാമ്പ് (131), ആലപ്പുഴ (121), കൊടുങ്ങല്ലൂര്‍ (110) തുടങ്ങി 30ല്‍ അധികം സ്ഥലങ്ങളിലാണ് 110 മുതല്‍ 200 മില്ലിമീറ്റര്‍ വരെ അതിശക്ത മഴ ലഭിച്ചത്. ബാക്കി സ്ഥലങ്ങളില്‍ 70 മുതല്‍ 110 മില്ലിമീറ്റര്‍ വരെ കനത്തമഴയും ലഭിച്ചു. ഇതില്‍ വടക്കന്‍ ജില്ലകളും തിരുവനന്തപുരം ജില്ലയും ഒഴികെ മറ്റുജില്ലകളിലെല്ലാം അതിശക്തമായ മഴയാണ് ലഭിച്ചത്.

ചൊവ്വാഴ്ച 23 സ്ഥലങ്ങളിലും ബുധനാഴ്ച എട്ടിടങ്ങളിലും അതിശക്ത മഴ ലഭിച്ചു. ഇതുവരെ 21 ശതമാനമാണ് അധികമഴ ലഭിച്ചത്. 1097 മി.മീ ലഭിക്കേണ്ടിടത്ത് 1328 മഴ ലഭിച്ചു. അടുത്തകാലത്തൊന്നും ഇത്രയേറെ അതിശക്ത മഴ കേരളത്തിന് ലഭിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമാണ് ചെറിയ സമയത്തിനകം കനത്തമഴ ലഭിക്കുന്നതിന് കാരണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. തീരപ്രദേശത്തു കടല്‍ക്ഷോഭം തുടരുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്തെന്നും മുന്നറിയിപ്പുണ്ട്.


Story by
Read More >>