കെവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും; കോട്ടയത്ത് ഹര്‍ത്താല്‍

കോട്ടയം: കെവിന്റെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് തിരുനൽവേലിയിൽ...

കെവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും; കോട്ടയത്ത്  ഹര്‍ത്താല്‍

കോട്ടയം: കെവിന്റെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് തിരുനൽവേലിയിൽ അറസ്റ്റിലായത്. ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ഇടമൺ -34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്.

കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാൽ സംഭവത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇയാളെ ഡിവൈഎഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാവിലെ പുറത്താക്കിയിരുന്നു. ഇരുവരെയും അൽപസമയത്തിനു ശേഷം പുനലൂർ പൊലീസ് സ്റ്റേഷനിലെത്തിക്കും.കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണു പ്രതികളായുള്ളത്. ഇഷാൻ എന്നയാളാണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

നേരത്തേ മൃതശരീരം ഇന്‍ക്വസ്റ്റ് ചെയ്ത ചാലിയേക്കരയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കെവിന്റെ ബന്ധുക്കള്‍ ഡി.എം.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കൊലപാതകം ക്വട്ടേഷനാണെന്ന് കെവിന്‍റെ കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേ​ട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് വ്യക്​തമാക്കി.

കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ യുഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് എമ്മും ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. എന്നാൽ ചൊവ്വാഴ്ച നടത്താനിരുന്ന എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമുണ്ടാകില്ല. കെവിന്റെ മൃതദേഹം കോട്ടയത്ത് എത്തിച്ചു. ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും.

Read More >>