കെവിൻ വധക്കേസ്; ശിക്ഷാവിധിയിൽ വാദം ഇന്ന്

കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേർ കുറ്റക്കാരാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.

കെവിൻ വധക്കേസ്; ശിക്ഷാവിധിയിൽ വാദം ഇന്ന്

കോട്ടയം: കെവിൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പത്തു പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ കോടതി ഇന്നു വാദം കേൾക്കും. വാദത്തിന് ശേഷം ഇന്നോ, മറ്റേതെങ്കിലും ദിവസമോ ശിക്ഷ വിധിക്കും. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻറെ ആവശ്യം. കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേർ കുറ്റക്കാരാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.

കെവിൻറെ ഭാര്യ നീനുവിൻറെ സഹോദരൻ സാനു ചാക്കോ, അച്ഛൻ ചാക്കോ ജോൺ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികളായി ഉണ്ടായിരുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന 10 വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുളളത്. എന്നാൽ ഗൂഢാലോചനയിൽ നീനുവിന്റെ അച്ഛന് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കോട്ടയം സെഷൻസ് കോടതിയിൽ മൂന്നു മാസം കൊണ്ടാണ് കേസിൻറെ വിചാരണ പൂർത്തിയാക്കിയത്.

പത്തുമേർക്കുമെതിരെ കൊലപാതകകുറ്റം നിലനിൽക്കും. നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദുരഭിമാനക്കൊലയാണെന്ന് സ്ഥിരീകരിച്ചത്. അവസാനമായി കെവിൻ നീനുവിനെ വിളിച്ച് നിയാസ് തന്നെ കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു എന്ന നീനുവിന്റെ മൊഴി കെവിന്റെ മരണമൊഴിയായി കോടതി കണക്കാക്കി. കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫ്(24) മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിന്റെ വിരോധത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്.