കെവിന്‍ വധം: നീനുവിന്റെ രക്ഷിതാക്കള്‍ക്കും പങ്ക്

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. പിതാവ് ചാക്കോയും...

കെവിന്‍ വധം: നീനുവിന്റെ രക്ഷിതാക്കള്‍ക്കും പങ്ക്

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. പിതാവ് ചാക്കോയും മാതാവ് രഹനാ ബീവിയും അറിഞ്ഞായിരുന്നു നീക്കങ്ങള്‍ എന്ന് നീനുവും കേസില്‍ പിടിയിലായ നിയാസിന്റ മാതാവും മാധ്യമങ്ങളോട് പറഞ്ഞു. കെവിന്റെ കുടുംബത്തിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയും തന്റെ കുടുംബത്തിന് പ്രശ്നമായിരുന്നെന്ന് നീനു പറഞ്ഞു. ഇതിനെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നതായും നീനു വെളിപ്പെടുത്തി.

കെവിനെ തട്ടിക്കൊണ്ടു പോകാന്‍ വാടകയ്ക്ക് വാഹനം ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ മാതാപിതാക്കള്‍ നിയാസിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം നിയാസ് ഇക്കാര്യം നിഷേധിച്ചെങ്കിലും ശനിയാഴ്ച രാത്രി നീനുവിന്റെ സഹോദരന്‍ ഷാനുവെത്തി നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് നിയാസിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. നിയാസിനെ കേസില്‍ കുടുക്കിയതാണെന്നും ഇവര്‍ പറഞ്ഞു.

കെവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം രാവിലെ 11.30ന് കുമാരനല്ലൂരിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് സംസ്‌കാരം വൈകീട്ട് 3 മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ നടക്കും.