ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്നത് ഫാസിസ്റ്റ് ശൈലി: വി എം സുധീരൻ

Published On: 2018-07-07T20:45:00+05:30
ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്നത് ഫാസിസ്റ്റ് ശൈലി: വി എം സുധീരൻ

കോഴിക്കോട്: രാഷ്ട്രീയത്തിന്റെ പേരിലായാലും വര്‍ഗീയതയുടെ പേരിലായാലും ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുക എന്നത് ഫാസിസ്റ്റ് ശൈലിയാണെന്ന് വി എം സുധീരന്‍. അന്തരിച്ച പത്ര പ്രവര്‍ത്തകന്‍ വി രാജഗോപാല്‍ അനുസ്മരണ സദസ്സില്‍ വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ ജനാധിപത്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്നത് ജനാധിപത്യ കേരളത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബ്യൂറോക്രാറ്റ് ശൈലി മാറ്റി ജനങ്ങളിലേക്ക് മടങ്ങണണമെന്നും രാഷ്ട്രീയം ജനനന്മക്കാണെന്നും അതിലേക്കുള്ള തിരിച്ചുപ്പോക്ക് ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുപ്പം ആരോഗ്യകരമായ രാഷ്ട്രീയത്തിന് വെല്ലുവിളിയാണ്. നിയമസഭകള്‍ സ്തംഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ പുന:പരിശോധിക്കണം. അധികാരത്തിലേക്ക് എങ്ങനെയെങ്കിലും എത്തുക എന്നത് മാത്രമാകരുത് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം.കാലുമാറ്റവും കുതിരക്കച്ചവടവും ജനാധിപത്യത്തെ കലുഷിതമാക്കുകയാണ്.ജനാധിപത്യവും മതേതരത്വവും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അഴിമതിയും വര്‍ഗീയതും. ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോവുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.നേരത്തെ 32-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ 42 -ാം സ്ഥാനത്താണുള്ളത്.

നിയമസഭയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ച് പോലീസ്
കേസെടുത്ത സാഹചര്യം കേരളത്തിലുണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. പോലീസെടുത്ത കേസ് പിന്‍വലിക്കണം. ഈ വിഷയത്തില്‍ ഡിജിപി മാപ്പുപറഞ്ഞ് ഖേദം പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം മാധ്യമ സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങ് വരുന്ന നടപടികള്‍ കേരളത്തിന് അപമാനം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.

ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ലേഖകരില്‍ എണ്ണപ്പെട്ട ആളായിരുന്നു വി രാജഗോപാല്‍. കായിക രംഗത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പറയാനുള്ള അവഗാഹമുള്ള വ്യക്തിയും കൂടിയായിരുന്നു അദ്ദേഹം. പ്രതിഭാധനനായ കേരളം കണ്ട മികച്ച പത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഓര്‍ക്കുന്നതെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വി പി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.ടി പി ദാസന്‍,ശത്രുഘ്‌നന്‍,ചെലവൂര്‍ വേണു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തത്സമയം എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Top Stories
Share it
Top