നിപ വൈറസ്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

Published On: 10 Jun 2018 12:00 PM GMT
നിപ വൈറസ്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 26 മുതൽ മെഡിക്കൽ കോളേജിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. നിപ ബാധയെ അതിജീവിച്ചതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്.

നിപ വൈറസ് ബാധയെ അതിജീവിച്ച ഉബീഷിനെയും നഴ്സിങ്ങ് വിദ്യാർത്ഥിനി അജന്യയെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് മന്ത്രി ഇവരെ കണ്ടത്. ഇരുവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ പോസിറ്റീവ് ആയി ഇപ്പോൾ പൂർണ രോഗമുക്തരായവരെ സുരക്ഷാ വസ്ത്രം അണിയാതെയാണ് മന്ത്രിയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും നേരിൽക്കണ്ട് സംസാരിച്ചത്. എ. പ്രദീപ്കുമാർ എംഎൽഎ, ജില്ലാ കളക്ടർ യു. വി ജോസ്, ആരോഗ്യ ഡയറക്ടർ ആർ.എൽ സരിത തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

അജന്യയെ 11 നും ഉബീഷിനെ 14നും ഡിസ്ചാർജ് ചെയ്യും. ഒരാഴ്ച വീട്ടിൽ പൂർണ വിശ്രമം ഡോക്ടർ നിർദേശിച്ചതായി മന്ത്രി പറഞ്ഞു. അതേ സമയം നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയിട്ടുണ്ട്.

Top Stories
Share it
Top