ചാഞ്ചാട്ടക്കാരനെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് മാണി; അനുനയിപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ 

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കെപിസിസി മുൻ അധ്യക്ഷൻ വിഎം സുധീരൻ യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു...

ചാഞ്ചാട്ടക്കാരനെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് മാണി; അനുനയിപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ 

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കെപിസിസി മുൻ അധ്യക്ഷൻ വിഎം സുധീരൻ യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു. രാജ്യസഭാ സീറ്റിന് പുറമെ എഐസിസി സെക്രട്ടറി സ്ഥാനത്തേയ്ക്ക് ആളുകള്‍ക്ക് പരിചിതനല്ലാത്ത ശ്രീനിവാസന്‍ കൃഷ്ണനെ കൊണ്ടുവന്നതിലും സുധീരന് അതൃപ്തിയുണ്ട്.

താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് കെഎം മാണി യോഗത്തില്‍ പറഞ്ഞു. സുധീരന്‍ യോഗത്തില്‍ വന്നിരുന്നുവെങ്കില്‍ നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി തുറന്നടിച്ചു. എന്നാല്‍ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് വിശദീകരിച്ച് സുധീരന്റെ വിമര്‍ശനങ്ങളെയാകെ എംഎം ഹസന്‍ തള്ളിക്കളഞ്ഞു.

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലുണ്ടായ പൊട്ടിത്തെറികള്‍ക്കും അതേതുടര്‍ന്ന് മുന്നണിക്കകത്തുണ്ടായ അസ്വാരസ്യങ്ങള്‍ക്കുമിടയിലാണ് സമ്പൂര്‍ണ യുഡിഎഫ് യോഗം കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്നത്. നേതാക്കളുടെ നടപടി പ്രവര്‍ത്തകരുടെ മനസിനേല്‍പ്പിച്ച മുറിവുണങ്ങിയിട്ടില്ലെന്നായിരുന്നു വിശദീകരണം. എല്ലാ പ്രശ്‌നങ്ങളും ഇതോടെ അവസാനിച്ചുവെന്നും ഇനിമുതല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിനുണ്ടായിരുന്ന സ്ഥാനങ്ങള്‍ തിരിച്ചു നല്‍കാനും യോഗം തീരുമാനമെടുത്തു.

കേരളകോണ്‍ഗ്രസ് കൂടി മുന്നണിയിലേക്ക് തിരിച്ച് വന്നതോടെ സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് നേതൃയോഗം വിളിച്ചു ചേര്‍ത്തത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇടതുമുന്നണിയിലെ അസംതൃപ്തരെ കൂടെ കൂട്ടാനുള്ള പദ്ധതികളും നിലവില്‍ മുന്നണി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

അതേസമയം, കേരളകോണ്‍ഗ്രസിന് നല്‍കിയ പരിഗണന തങ്ങള്‍ക്കും ലഭിക്കണമെന്ന അവകാശവാദം ജേക്കബ് വിഭാഗം ഉന്നയിച്ചു. യുഡിഎഫ് കണ്‍വീനറെ തീരുമാനിക്കുന്ന കാര്യത്തിലും അഭിപ്രായ സമന്വയം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.


Read More >>