കൊച്ചി മെട്രോക്ക് ഇന്ന് ഒരു വയസ്, 19 ന് എല്ലാവർക്കും സൗജന്യ യാത്ര

Published On: 2018-06-17T09:00:00+05:30
കൊച്ചി മെട്രോക്ക് ഇന്ന് ഒരു വയസ്, 19 ന് എല്ലാവർക്കും സൗജന്യ യാത്ര

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുന്നു. മെട്രോ സർവീസ് തുടങ്ങിയ ദിവസമായ ജൂൺ 19 ന് എല്ലാവർക്കും യാത്ര സൗജന്യമായിരിക്കും.

2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ ഉദ്ഘാടനം ചെയ്തത്. 19 ന് യാത്രക്കാർക്ക് വേണ്ടി തുറന്നു കൊടുത്തു. ഇന്ന് രാവിലെ 11ന് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ കേക്ക് മുറിച്ച് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജനപ്രതിനിധികളും നഗരത്തിലെ പ്രമുഖരും പങ്കെടുക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ 'ട്രൈം ട്രാവലർ' എന്ന പേരിലുള്ള മാജിക് ഷോയും അരങ്ങേറും.

ഈ മാസം 18 വരെ യാത്ര ചെയ്യുന്നവർക്കായി ‘ലക്കി ഡിപ്പ്’ എന്ന സമ്മാനപദ്ധതിയും മെട്രോ ആവിഷ്‌കരിച്ചിട്ടുണ്ട്. സമ്മാനങ്ങൾ സസ്‌പെൻസായിരിക്കുമെന്ന് സി എം ആർ എൽ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. ജൂൺ 15 മുതൽ 30 വരെ കൊച്ചി വൺ കാർഡ് എടുക്കുന്നവർക്ക് കാർഡ് ഇഷ്യു ഫീസ് ഉണ്ടായിരിക്കില്ല. ഫീസായി നിലവിലുള്ള 237 രൂപയാണ് കെംഎംആർഎൽ ജൂൺ 30 വരെ ഒഴിവാക്കുന്നത്. വർഷികത്തിന്റെ ഭാഗമായി പ്രതിമാസ പാസിൽ ഡിസ്‌കൗണ്ടുകൾ ഉണ്ടാകും.

ഒരു വർഷം കൊണ്ട് കൊച്ചി മെട്രോയുടെ നഷ്ടം നേർപകുതിയായി കുറയ്ക്കാൻ സാധിച്ചതായി കെ എം ആർഎൽ അവകാശപ്പെടുന്നു. നേരത്തെ ആറ് കോടിയായിരുന്നു പ്രതിമാസ നഷ്ടമെങ്കിൽ ഇപ്പോൾ മൂന്ന് കോടി അറുപത് ലക്ഷമായി കുറഞ്ഞു. പേട്ടയിൽ അടുത്ത ജൂണോടുകൂടി മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയാണ് മെട്രോ ടെയിൻ സർവീസ് നടത്തുന്നത്. സർവീസ് പേട്ട വരെ നീട്ടുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടക്കുന്നുണ്ട്. സ്ഥലമെടുപ്പും മറ്റ് തടസങ്ങളും നീങ്ങിയാൽ തൃപ്പൂണിത്തുറ വരെ മെട്രോ നീട്ടും.

Top Stories
Share it
Top