ജപ്തി ഭീഷണിക്കെതിരെ ആത്മഹത്യ ഭീഷണി ഉയര്‍ത്തി പ്രതിഷേധം

കൊച്ചി: ജപ്തി ചെയ്ത വീട് ഒഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കെതിരെ ആത്മാഹുതി സമര ഭീഷണിയും സംഘര്‍ഷവും. കോടതി വിധിയെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം...

ജപ്തി ഭീഷണിക്കെതിരെ ആത്മഹത്യ ഭീഷണി ഉയര്‍ത്തി പ്രതിഷേധം

കൊച്ചി: ജപ്തി ചെയ്ത വീട് ഒഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കെതിരെ ആത്മാഹുതി സമര ഭീഷണിയും സംഘര്‍ഷവും. കോടതി വിധിയെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ഒഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് പൊലീസുമായുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമരക്കാരും പൊലീസും ഏറ്റുമുട്ടി.

നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥലം ഒഴിപ്പിക്കാനെത്തിയ ബാങ്ക് അധികൃതരും തിരിച്ചു പോയി. ജപ്തി നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായാണ് സൂചന. ഇന്ന് രാവിലെക്ക് മുമ്പ് വീടും സ്ഥലവും ഒഴിപ്പിച്ച് 11 മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു കോടതി ഉത്തരവ്.
കോടതി വിധിയുടെ പിന്‍ബലത്തില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഭോത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മാഹുതി ചെയ്യുമെന്ന് പ്രീത ഷാജിയും കുടുംബവും ഒഴിപ്പിക്കല്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്ന സര്‍ഫാസി വിരുദ്ധ സമരസമിതിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ഥലത്ത് പെട്രോളും മണ്ണെണ്ണയും പന്തങ്ങളും കരുതി വെച്ചിരുന്നു.

സമരത്തെ നേരിടാന്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. സമരക്കാര്‍ക്കെതിരെ ഫയര്‍ ഫോഴ്‌സ് വെള്ളം ചീറ്റിച്ചതിനെ സമരക്കാര്‍ എതിര്‍ത്തു. ഇതോടെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. വായ്പ കുടിശിഖ വരുത്തിയതിനെ ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും ഉടമയുടെ കൈയ്യില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമത്തെയാണ് ആത്മാഹുതി സമരവുമായി കുടുംബാംഗങ്ങളും സര്‍ഫാസി വിരുദ്ധ സമിതിയും നേരിട്ടത്. ഇന്നലെ മുതല്‍ തന്നെ പ്രീത ഷാജിക്കും കുടുംബത്തിനും പിന്തുണയുമായി സമര സമിതി പ്രവര്‍ത്തകര്‍ മാനാത്തുപാടത്ത് എത്തിയിരുന്നു.
ഒരു വര്‍ഷം നീണ്ട സമരത്തിലാണ് ഷാജിയും കുടുംബവും.

വീടിന് മുന്നില്‍ ചിതയൊരുക്കി വെച്ചാണ് സമരം നടത്തിയത്. പ്രീത ഷാജി നടത്തിയ നിരാഹാര സമരത്തിനൊടുവില്‍ വീടും സ്ഥലവും ബലം പ്രയോഗിച്ച് പിടിച്ചെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ എച്ച് ഡി എഫ് സി ബാങ്ക് ജപ്തി ചെയ്ത സ്ഥലം ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ സ്ഥലം ഒഴിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് രാവിലെക്ക് മുമ്പ് ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

24 വര്‍ഷം മുമ്പ് ബന്ധുവും സുഹൃത്തുമായ സാജന്രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ വേണ്ടിയാണ് പ്രീതയുടെ വീടും സ്ഥലവും ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ പണയപ്പെടുത്തിയത്. സാജന് പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ കുറച്ച് സ്ഥലം വിറ്റ് ഒരു ലക്ഷം രൂപയോളം ഷാജി ബാങ്കില്‍ അടച്ചു. അതിനിടെ ലോര്‍ഡ് കൃഷ്ണ ബാങ്കിനെ സെഞ്ചുറിയന്‍ ബാങ്ക് ഏറ്റെടുത്തു. പിന്നീട് സെഞ്ചുറിയനെ എച്ച് ഡി എഫ് സിയും ഏറ്റെടുത്തു.

ഭൂമി പണയപ്പെടുത്തിയത് പലിശയും പിഴപ്പലിശയും അടക്കം രണ്ടര കോടി 70 ലക്ഷം രൂപയുടെ ബാധ്യതയായെന്ന് 2014ല്‍ എച്ച് ഡി എഫ് സി ബാങ്ക് അറിയിച്ചു. നിര്‍ദ്ധനനായ ഷാജിക്കും കുടുംബത്തിനും പണം അടയക്കാന്‍ കഴിയാതെ വന്നതോടെ എച്ച് ഡി എഫ് സി ബാങ്ക് ഭൂമിയും വീടും ജപ്തി ചെയ്തു. രതീഷ് നാരായണന്‍ എന്ന ആളാണ് 37. 80ലക്ഷം രൂപക്ക് സ്ഥലം ലേലത്തില്‍ പിടിച്ചത്. എന്നാല്‍ സമര സമിതിയുടെ സഹായത്തോടെ ഈ വീട്ടില്‍ തന്നെ കഴിയുകയാണ് പ്രീതയും കുടുംബവും. ലേലം ചെയ്ത ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ലേലത്തില്‍ എടുത്ത രതീഷ് നാരായണന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

'കൊച്ചി നഗരത്തിന്റെ കണ്ണായ സ്ഥലത്ത് രണ്ടര കോടി രൂപ വിലവരുന്ന ഭൂമിയാണ് 37.80 ലക്ഷം രൂപക്ക് റിയല്‍ എസ്റ്റേറ്റുകാരന് നല്‍കിയ 'തെന്ന് സമരസമിതി ചെയര്‍മാന്‍ അഡ്വ. പിജെ മാനുവല്‍ ആരോപിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയും ബാങ്കും സി ആര്‍ ടി കോടതിയും ഒത്തുകളിച്ച് ഒരു ദരിദ്ര കുടുംബത്തെ തെരുവിലിറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പെരുപ്പിച്ച് കാട്ടിയ കണക്കാണ് ബാങ്കിന്റെതെന്നും ആരോപണമുണ്ട്'ബല പ്രയോഗത്തിലൂടെ പ്രീത ഷാജിയുടെ കുടുംബത്തെ ഒഴിപ്പിക്കരുതെന്ന് സ്ഥലത്തെത്തിയ പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

'ബാങ്കും റിയല്‍ എസ്റ്റേറ്റ് മാഫിയയും ചേര്‍ന്ന് ഞങ്ങളെ പറ്റിക്കുകയായിരുന്നു. വീടും സ്ഥലവും വിട്ടുകൊടുക്കില്ല. 50 ലക്ഷം രുപ വില നല്‍കാമെന്ന് പറഞ്ഞിട്ടും ഭൂമി നല്‍കാന്‍ റിയല്‍ എസ്റ്റേറ്റുകാരന്‍ തയ്യാറായില്ല.ഇത് തന്നെയാണ് ഷാജിയും ആവര്‍ത്തിക്കുന്നത്.
ഇടപ്പള്ളി മാനാത്തുപാടത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഷാജിക്കും കുടുംബത്തിനും പിന്തുണയുമായി സി പി എം പ്രാദേശിക നേതൃത്യവും രംഗത്തെത്തി. ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു. ഇതോടെ കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ബാങ്ക് അധികൃതരും പൊലീസും.

Read More >>