വിജയം മതനിരപേക്ഷ രാഷ്ട്രീയത്തിന് - കോടിയേരി; ഇടതുപക്ഷ സര്‍ക്കാറിനുളള അംഗീകാരം- പിണറായി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫിന്റെ മതനിരപേക്ഷ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

വിജയം മതനിരപേക്ഷ രാഷ്ട്രീയത്തിന് - കോടിയേരി; ഇടതുപക്ഷ സര്‍ക്കാറിനുളള അംഗീകാരം- പിണറായി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫിന്റെ മതനിരപേക്ഷ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് എകെജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിൻേറത് ചരിത്രവിജയമാണെന്നും കോണ്‍ഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും കോടിയേരി പറഞ്ഞു. മൃദുവര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച് ആര്‍എസിഎസിന്റെ വര്‍ഗീയതയെ നേരാടാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ആര്‍എസ്എസിനെ നേരിടേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണെന്നും കോണ്‍ഗ്രസ് തെറ്റുതിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിലയിരുത്തുന്നതിനുള്ളതാണെന്നാണ് ഉമ്മന്‍ ചാണ്ടി മുമ്പ് പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് നേതൃത്വം കെ.എം മാണിയെ കൊണ്ടുവന്നിട്ടും കേരള കോൺഗ്രസ് അണികൾ പോലും അദ്ദേഹത്തിന്‍റെ ആഹ്വാനം ചെവികൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കേരളത്തില്‍ നിന്നും സിപിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് ബിജെപി അവകാശപ്പെട്ടത്. ഓരോ ബൂത്തിലും ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചത്. തൃപുര മുഖ്യമന്ത്രിയെവരെ ഇറക്കുമതി ചെയ്തിട്ടും കഴിഞ്ഞ തവണത്തെ വോട്ടുപോലും ബിജെപിക്ക് ലഭിച്ചില്ലെന്നും ബി.ജെ.പിയുടെ വളർച്ച പടവലങ്ങപോലെ താഴോട്ടാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം എൽ.ഡി.എഫിന്‍റെ നയങ്ങൾക്കുള്ള അംഗീകരാമാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ചാനലിൽ വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് അന്തിമ വിധികർത്താക്കളെന്നും ദൃശ്യമാധ്യമങ്ങളിലിരുന്ന് സർക്കാറിനെ അപകീർത്തിപ്പെടുത്തുന്നവർക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാറിന്‍റെ വികസന നയങ്ങളെ ജനം അംഗീകരിച്ചെന്നും വികസന കാര്യങ്ങളിൽ ജാതി, മതം നോക്കാതെ ജനങ്ങൾ ഒന്നിക്കുന്നുവെന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വിവാദങ്ങളല്ല, മറിച്ച് വികസന കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെ തുരങ്കം വെക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. അതിനാലാണ് എൽ.ഡി.എഫിനെ എല്ലാവരും പിന്തുണച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു.

Read More >>