കാരുണ്യ യാത്രയില്‍ പങ്കാളികളായി രണ്ട് ഷാജിമാര്‍

നിര്‍ധനരുടെ കണ്ണീരൊപ്പുമ്പോള്‍ രാഷ്ട്രീയം നോക്കാതെയുള്ള സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞവരാണ് ഇരുവരും

കാരുണ്യ യാത്രയില്‍ പങ്കാളികളായി രണ്ട് ഷാജിമാര്‍

കൊടുവള്ളി: ജില്ലയിലെ മിക്ക ബസ്സുകളും ഒട്ടോകളും സി.എച്ച് സെന്ററിന്റെ ധനസമാഹരണത്തിനായി നിരത്തിലിറങ്ങിയപ്പോള്‍ രാഷ്ട്രീയത്തിനപ്പുറമുള്ള ചിലരുടെ പങ്കാളിത്തം വേറിട്ടൊരു കാഴ്ചയായിരുന്നു. മുസ്ലിം ലീഗിന്റെ കീഴിലുള്ളതാണ് സി.എച്ച് സെന്റര്‍ എങ്കിലും അതുവഴി കണ്ണീരൊപ്പിയ നിരവധി കഥകള്‍ കേട്ടും കണ്ടും അറിഞ്ഞവര്‍ മാറി നിന്നില്ല. എങ്ങനെ മാറി നില്‍ക്കാനാവും. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഇന്നൊരു ദിവസത്തേക്ക് പലരും മാറ്റിവെച്ചു.

അത്തരമൊരു പങ്കാളിത്തമായിരുന്നു കൊടുവള്ളി നടമ്മല്‍ പൊയിലെ ഓട്ടോ ഡ്രൈവര്‍മാരായ ഷാജിയുടേയും, ഷാജി പാപ്പന്റെയും. നിര്‍ധനരുടെ കണ്ണീരൊപ്പുമ്പോള്‍ രാഷ്ട്രീയം നോക്കാതെയുള്ള സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞവരാണ് ഇരുവരും. പിടിച്ച കൊടിയും നെഞ്ചിലേറ്റിയ പ്രത്യയ ശാസ്ത്രവും വെറെ തന്നെ. ഇന്നും ചേര്‍ത്തു പിടിക്കുന്നതും അതു തന്നെ. പക്ഷെ ഇന്നത്തെ ദിവസം നോക്കി നില്‍ക്കാനായില്ല. സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ തങ്ങളും റെഡിയെന്ന് പറഞ്ഞായിരുന്നു ഇരുവരുടേയും സേവനം. ഓട്ടോയില്‍ കാരുണ്യ യാത്രയെന്നെഴുതി സി.എച്ച് സെന്ററിനായി ഓടി. ഒന്നും പ്രതീക്ഷിച്ചല്ല. ഇതെങ്കിലും ചെയ്തില്ലെങ്കില്‍ മനുഷ്യരാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമെന്ന് ഇവര്‍ ചോദിക്കുന്നു.

ഇരുവരുടേയും സേവനം കണ്ട നാട്ടുകാര്‍ക്കാണെങ്കില്‍ ഇതപൂര്‍വ്വ കാഴ്ചയായിരുന്നു. പലരും ഡീസല്‍ തുക അടക്കമുള്ള ഓഫറുമായി രംഗത്തെത്തുകയും ചെയ്തു. ഈ രണ്ട് ഷാജിമാരുടെ ഒട്ടോകള്‍ക്കു പുറമെ എട്ടോളം ഓട്ടോകളും നടമ്മല്‍ പൊയില്‍ വെള്ളിയാഴ്ച കാരുണ്യയാത്രയിലായിരുന്നു. നടമ്മൽപൊയിൽ എസ്. ടി. യു കമ്മറ്റിയുടെ കീഴിലായിരുന്നു കാരുണ്യയാത്ര.

Read More >>