കോട്ടപ്പടിയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ശല്യം. കുളങ്ങാട്ടുകുഴിയിലെ കൃഷിയിടങ്ങളിൽ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും...

കോട്ടപ്പടിയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ശല്യം. കുളങ്ങാട്ടുകുഴിയിലെ കൃഷിയിടങ്ങളിൽ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കാട്ടാനശല്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ആനകള്‍ നിരവധി പേരുടെകൃഷി നശിപ്പിച്ചു. വരിക്കമാക്കൽ ലൈജു പൗലോസ്, പാലത്തിങ്കൽ കുര്യാച്ചൻ, അരഞ്ഞാണി ജോസ്, വാലുതൊട്ടി ബാബു, തോട്ടത്തിൽ കുര്യാക്കോസ്, പാലത്തിങ്കൽ പൗലോസ്
തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശമുണ്ടാക്കിയത്.

പല ദിവസങ്ങളിലായി നൂറുകണക്കിനു വാഴകൾ നശിപ്പിച്ചു. രാത്രിയായാൽ പ്രദേശത്തെ റോഡിലും റബർ തോട്ടങ്ങളിലുമെല്ലാം കാട്ടാനകൾ വിഹരിക്കുകയാണ്. കോട്ടപ്പാറ വനാതിർത്തിയിൽ വൈദ്യുതിവേലി സ്ഥാപിച്ചതോടെ കാട്ടാനശല്യത്തിന് അറുതിയായെന്ന
ആശ്വാസത്തിലായിരുന്നു കുളങ്ങാട്ടുകുഴി നിവാസികൾ. ഏതാനും മാസങ്ങളായി കാട്ടാനശല്യം ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരുടെ സമാധാനം നഷ്ടപ്പെടുന്ന തരത്തിൽ കാട്ടാന ശല്യം വർദ്ധിച്ചിട്ടും വനപാലകർ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും പ്രദേശവാസികൾക്കുണ്ട്.

വീടുകൾക്കു സമീപത്തുകൂടിയാണ് കാട്ടാനകൾ സഞ്ചരിക്കുന്നത്. കാട്ടാനക്കൂട്ടം മരം തള്ളിയിട്ടാണ് ഫെൻസിംഗ് തകർത്തതെന്നു നാട്ടുകാർ പറഞ്ഞു. ഫെൻസിങ്ങിലൂടെ പലപ്പോഴും വൈദ്യുതി പ്രവഹിക്കാത്തതും കാട്ടാന കൂട്ടങ്ങൾക്ക് സൗകര്യമാകുകയാണ്. സാധാരണ വേനൽകാലത്താണ് ശല്യമെങ്കിൽ ഇത്തവണ വർഷകാലത്തും ആനകളുടെ ശല്യം വർധിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. സർക്കാരും വനംവകുപ്പും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Read More >>