​കോട്ടയത്തെ ദുരഭിമാനക്കൊല: പോലീസിന് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോട്ടയം: കെവിന്റെ ദുരഭിമാനക്കൊലപാതകത്തില്‍ പോലിസിനും പങ്കുണ്ടെന്ന് കൊച്ചി മേഖല ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷനിലെ...

​കോട്ടയത്തെ ദുരഭിമാനക്കൊല: പോലീസിന് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോട്ടയം: കെവിന്റെ ദുരഭിമാനക്കൊലപാതകത്തില്‍ പോലിസിനും പങ്കുണ്ടെന്ന് കൊച്ചി മേഖല ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷനിലെ എസ്.ഐ ഷിബുവും എ.എസ്.ഐ ബിജുവും പ്രതികളാവും. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.ഇതിന്മേല്‍ തുടർ നടപടിക്ക് ഉടന്‍ ശുപാര്‍ശ ചെയ്യും. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് വിവരം.

എ.എസ്.ഐ ബിജുവിന് തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും പ്രതി ഷാനു ചാക്കോയുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തട്ടിക്കൊണ്ടുപോകല്‍ അറിഞ്ഞിട്ടും സംഭവം മറച്ചുവെക്കുകയും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തില്ല. സംഭവം ഗൗരവത്തിലെടുക്കാതെ കുടംബപ്രശ്‌നമാക്കി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛന്‍ ജോസഫ് നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐജിയുടെ റിപ്പോര്‍ട്ട്. പ്രാദേശിക സഹായം പോലിസില്‍ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ എ.എസ്.ഐ ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി. കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബന്ധുവായ അനീഷിനെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.