കൊട്ടിയൂർ പീഡനക്കേസ്: പരാതിക്കാരിയുടെ അമ്മയും കൂറുമാറി 

Published On: 2 Aug 2018 4:00 PM GMT
കൊട്ടിയൂർ പീഡനക്കേസ്: പരാതിക്കാരിയുടെ അമ്മയും കൂറുമാറി 

കണ്ണൂർ: കൊട്ടിയൂരിലെ പള്ളിമേടയിൽ പെൺകുട്ടിയെ വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. വൈദികൻ റോബിൻ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നും മാതാവ് കോടതിയിൽ മൊഴി നൽകി.

കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷൻ സമർപ്പിച്ച പെൺകുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളിൽ ഉള്ളതും പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതിയല്ല. പെൺകുട്ടി ജനിച്ചത് 1997ലാണ്. എന്നാൽ രേഖകളിലുള്ളത് 1999 എന്നാണ്.ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് തയ്യാറാണെന്നും പെൺകുട്ടിയുടെ അമ്മ കോടതിയിൽ അറിയിച്ചു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. തുടർന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ (ഒന്ന്) കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ പരാതിക്കാരിയും കൂറുമാറിയിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികൻ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും, അപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും, വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു.

വൈദികനില്‍ നിന്ന് ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ 17 വയസും 5 മാസവുമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. ഗര്‍ഭകാലം കൂടി കണക്കാക്കുമ്പോള്‍ പീഡനം നടന്ന വേളയില്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകള്‍ വഴി ബോധ്യപ്പെടുത്താന്‍ കഴിയും എന്നാണ് പൊലീസിന്റെയും പ്രോസിക്യുഷന്റെയും ആത്മവിശ്വാസം. ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ രേഖകള്‍ എന്നിവ തെളിവായി ഹാജരാക്കും. മാമോദിസ രേഖയും കോടതിക്ക് മുമ്പില്‍ വരും. ഇക്കാര്യങ്ങളില്‍ തര്‍ക്കം വന്നാല്‍ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനക്ക് പെണ്‍കുട്ടി തയ്യാറാകുമോ എന്നത് നിര്‍ണായകമാകും.

കേസിൽ പ്രതികളായിരുന്ന സിസ്റ്റർ ടെസ്സി, സിസ്റ്റർ ആൻസി മാത്യു, ഡോ. ഹൈദരാലി എന്നിവരെ സുപ്രീംകോടതി പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇവർക്കെതിരെ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന തോമസ് തേരകം, സിസ്റ്റർ ബെറ്റി ജോസ് എന്നിവർ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. മൊത്തം 54 സാക്ഷികളാണ് കേസിലുള്ളത്.

Top Stories
Share it
Top