കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയുടെ പിതാവും കൂറുമാറി

Published On: 2018-08-03 15:15:00.0
കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയുടെ പിതാവും കൂറുമാറി

കോഴിക്കോട്: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ​ഗർഭിണിയാക്കിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിലെ വാദം നടക്കുന്നതിനിടെ പെണ്‍കുട്ടിക്കും മാതാവിനും പിന്നാലെ പിതാവും കൂറുമാറി. ഇതോടെ കേസില്‍ മൊഴി മാറ്റുന്നവരുടെ എണ്ണം മൂന്നായി. കേസില്‍ മൂന്നാം സാക്ഷിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. ഇതോടെ കേസില്‍ വൈദികനെതിരെ കോടതിയില്‍ പൊലീസ് നലകിയ സാക്ഷിപ്പട്ടികയില്‍ ഇനി മൂന്നു പേര്‍ മാത്രമാണുള്ളത്.

ഇന്നലെ പെൺകുട്ടിയുടെ മാതാവ് മൊഴിമാറ്റിപ്പറഞ്ഞതിനെ തുടർന്ന് ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ (ഒന്ന്) ആരംഭിച്ച ദിവസം തന്നെ ഇര കൂറുമാറിയിരുന്നു. വൈദികന്‍ മകളെ പീഡിപ്പിച്ചുവെന്ന് പൊലീസ് മുമ്പാകെ മൊഴി നല്‍കിയ അമ്മ, വൈദികനും മകളും പരസ്പരം ഇഷ്ടപ്പെട്ടാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതിയില്‍ പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബര്‍ 17 ആണെന്നും അമ്മ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷന്‍, പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനന തീയതി 1999 നവംബര്‍ 17 ആണെന്ന് ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്ക് പോക്സോ പ്രകാരം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാവ് ഈ തുക കൈപ്പറ്റിയത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് പരാതിയില്ലെന്നും മാതാവ് മൊഴി നല്‍കി.

Top Stories
Share it
Top