ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ ജൂലൈയില്‍ തുടങ്ങും

Published On: 2018-06-29T13:30:00+05:30
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ ജൂലൈയില്‍ തുടങ്ങും

കോഴിക്കോട്: ജില്ലയിലെ 2018 -19 ലെ വാര്‍ഷിക പദ്ധതികള്‍ ജൂലൈയില്‍ തുടങ്ങാനും ടെണ്ടര്‍ നടപടികള്‍ ആഗസ്റ്റോടെ പൂര്‍ത്തിയാക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം ഇല്ലാതാക്കാന്‍ റെയിന്‍ ട്രീ ഫൗണ്ടേഷനുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

നിപാ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ പ്രവര്‍ത്തിച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആരോഗ്യപ്രവര്‍ത്തകരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നും റോഡുകള്‍ പുനനിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തിരുവമ്പാടി ഡിവിഷനിലെ ഇരുവഴിഞ്ഞി ചാലിയാര്‍ പുഴയുടെ തീരം ഇടിച്ചില്‍ തടയാന്‍ പുഴയോരം കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top Stories
Share it
Top