'പാർട്ടിയെ നയിക്കേണ്ടത് ആൾക്കൂട്ടമല്ല; ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ട': നിലപാട് വെളിപ്പെടുത്തി മുല്ലപ്പള്ളി

പല നേതാക്കള്‍ക്കും പല താല്‍പര്യങ്ങളുണ്ടാകും. എന്നാല്‍ ശക്തമായ നേതൃത്വം വരാനുള്ള താല്‍പര്യമാണ് താന്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭാരവാഹികളുടെ ജംബോ പട്ടികയില്‍ അതൃപ്തി അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനപ്രതിനിധികൾ ഭാരവാഹികളാകരുതെന്നാണ് തൻറെ അഭിപ്രായമെന്നും എംപിമാർക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ സമയം തികയുന്നില്ല. പാർട്ടിയെ നയിക്കേണ്ടത് ആൾക്കൂട്ടമല്ലെന്നും അദ്ദേഹം വിമർശിച്ചു.

ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റില്‍ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

പല നേതാക്കള്‍ക്കും പല താല്‍പര്യങ്ങളുണ്ടാകും. എന്നാല്‍ ശക്തമായ നേതൃത്വം വരാനുള്ള താല്‍പര്യമാണ് താന്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ വൻതുക ചെലവിട്ട് ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്നത് അഴിമതിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഏറ്റവും ദുർബലമായ മാവോയിസ്റ്റ് ഗ്രൂപ്പാണ് കേരളത്തിലേത്. അതിന്റ പേരിൽ കോടികൾ ചെലവഴിക്കുന്നത് ധൂർത്താണെന്നും മൂന്നര വർഷത്തെ പിണറായി ഭരണത്തിൽ 1000 കോടി രൂപയുടെ ധൂർത്ത് നടന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള ബാങ്ക് പിരിച്ചുവിടണമെന്നും സഹകരണമേഖലയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും മുല്ലപ്പള്ളി മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

Read More >>