പലിശ രഹിത ഇടപാടുകളുമായി കെ എസ് എഫ് ഇ യുടെ ഹലാല്‍ ചിട്ടി

ജമാല്‍ ചേന്നര മലപ്പുറം: പ്രവാസി ചിട്ടിക്ക് പിന്നാലെ കെ.എസ്.എഫ്.ഇ ഹലാല്‍ ചിട്ടിയും തുടങ്ങുന്നു. പലിശ രഹിത ഇടപാടുകളില്‍ താല്‍പ്പര്യമുള്ളരെ...

പലിശ രഹിത ഇടപാടുകളുമായി കെ എസ് എഫ് ഇ യുടെ ഹലാല്‍ ചിട്ടി

ജമാല്‍ ചേന്നര

മലപ്പുറം: പ്രവാസി ചിട്ടിക്ക് പിന്നാലെ കെ.എസ്.എഫ്.ഇ ഹലാല്‍ ചിട്ടിയും തുടങ്ങുന്നു. പലിശ രഹിത ഇടപാടുകളില്‍ താല്‍പ്പര്യമുള്ളരെ ഉദ്ധേശിച്ചാണ് പുതിയ പദ്ധതി. പ്രവാസി ചിട്ടിയുടെ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഹലാല്‍ ചിട്ടിയിലേക്കും കടക്കാനാണ് തീരുമാനം.

ശരീഅത്ത് അനുസൃത മാര്‍ഗ നിര്‍ദേശങ്ങളെ പിന്‍പറ്റിയാകും ഹലാല്‍ ചിട്ടി. കുറിക്ക് വേണ്ടി ലേലം വിളിയോ നറുക്കെടുപ്പോ ഉണ്ടാകില്ല. കുറി സംഖ്യ ആവശ്യമുള്ളവര്‍ അക്കാര്യം ഓണ്‍ലൈനിലൂടെ വ്യക്തമാക്കണം. മറ്റുള്ളവരുടെ പിന്തുണ ഏറ്റവും കൂടുതല്‍ ലഭിക്കുന്നയാള്‍ക്ക് കുറി അനുവദിക്കും. കുറിയിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ വിനിയോഗിക്കുക കിഫ്ബി മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ക്കാകും. അതിനാല്‍ പലിശയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി കുറി തുക ചെലിവിടുമോയെന്ന ആശങ്കയും പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ഇസ്ലാമിക് ബാങ്കിങിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. നിക്ഷേപം സ്വീകരിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചതോടെ പ്രവര്‍ത്തനം മന്ദഗതിയിലായി.

സെപ്റ്റംബറോടെ പ്രവാസി ചിട്ടി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഓണ്‍ലൈനിലൂടെ താല്‍പ്പര്യ പത്രം ക്ഷണിച്ചതില്‍ ഒന്നര ലക്ഷത്തിലേറെയാളുകള്‍ ഇതിനകം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. 6000 പേര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. വണ്‍ ടൈം പാസ് വേര്‍ഡുമായി ബന്ധപ്പെട്ട് സാങ്കേതിക തടസങ്ങളുള്ളതിനാല്‍ ഇതിന് കാലതാസമം നേരിടുന്നുണ്ട്. വരി ചേര്‍ക്കല്‍ ഘട്ടത്തിലാണ് കുറി സംഖ്യ അടക്കേണ്ടത്. പ്രവാസികള്‍ക്ക് ബാങ്ക് മുഖേന ഓണ്‍ലൈനായി കുറി തുക അടക്കാം. മണി എക്സ്ചേഞ്ചുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും സൗകര്യമൊരുക്കും.

യു.എ.ഇയില്‍ അവധിക്കാലമായതിനാല്‍ ഒട്ടേറെ മലയാളി കുടുംബങ്ങള്‍ നാട്ടിലുണ്ട്. ഇവരെ നേരില്‍ കണ്ട് പ്രവാസി ചിട്ടിയില്‍ ചേര്‍ക്കുന്നതിന് കെ.എസ്.എഫ്.ഇ ക്യാമ്പയിന്‍ തുടങ്ങാനിരിക്കുകയാണ്. യു.എ.ഇക്ക് പിന്നാലെ മറ്റ് വിദേശ രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രവാസികളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഗള്‍ഫ് മേഖലയില്‍ മാന്ദ്യമുണ്ടെങ്കിലും പ്രവാസി കുറിയെ ബാധിക്കില്ലെന്നാണ് കെ.എസ്.എഫ്.ഇയുടെ നിലപാട്. പ്രതിസന്ധി വര്‍ധിക്കുമ്പോള്‍ സമ്പാദ്യ താല്‍പ്പര്യവും വര്‍ധിക്കുമെന്നാണ് കണക്ക്കൂട്ടല്‍. ബാങ്കിങ് മേഖലയിലെ നിക്ഷേപത്തേക്കാള്‍ സാധാരണക്കാര്‍ക്ക് താല്‍പ്പര്യം കുറി മുഖേനയുള്ള സമ്പാദ്യത്തിനാണെന്ന കണക്കും അധികൃതര്‍ നിരത്തുന്നു

Story by
Read More >>