നിപ വൈറസ്; സർവീസ് നിർത്താനൊരുങ്ങി കെഎസ്ആർടിസി

Published On: 2018-06-03T09:00:00+05:30
നിപ വൈറസ്; സർവീസ് നിർത്താനൊരുങ്ങി കെഎസ്ആർടിസി

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കെഎസ്ആർടിസി സർവീസ് ഭീമമായ നഷ്ടത്തിൽ. കോഴിക്കോട് ജില്ലയിലെ മിക്ക ഡിപ്പോകളിലും പ്രതിദിന വരുമാനത്തിൽ ലക്ഷങ്ങളുടെ കുറവാണുള്ളത്. താമരശ്ശേരി, തൊട്ടിൽപ്പാലം, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ തുടങ്ങിയ ഡിപ്പോകളെ നിപ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും വരുമാനത്തിന്റെ തോത് കുറയുകയാണ്. ഇതുമൂലം യാത്രക്കാർ നന്നേ കുറവായ സർവീസുകൾ താത്കാലികമായി നിർത്തിവെയ്ക്കാൻ കെഎസ്ആർ‌ടിസിക്ക് നിർദേശം നൽകി. കൂടാതെ നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിലെ ജീവനക്കാർക്ക് മാസ്ക് നൽകാനും നിർദേശമുണ്ട്.

ചാർജ് വർധനയ്ക്ക് ശേഷം കോഴിക്കോട് മേഖലയിലെ പ്രതിദിന വരുമാനം 1,47,57,000 രൂപയായി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ, നിപ വൈറസ് ബാധയുടെ ഭീഷണി വന്നതോടെ പ്രതിദിന വരുമാനം കുത്തനെ ഇടിഞ്ഞു. മേയ് ഏഴിന് 1.30 കോടി വരുമാനം കിട്ടിയിരുന്നിടത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോടിയിൽ താഴെയാണ് വരുമാനം. താമരശ്ശേരി, തൊട്ടിൽപ്പാലം ഡിപ്പോകളിലെ വരുമാനത്തിൽ ദിവസവും ഒന്നര ലക്ഷത്തോളം രൂപയുടെ കുറവാണ്. കണ്ണൂരിൽ ഇത് ഒന്നരമുതൽ രണ്ടര ലക്ഷം വരേയും.

കോഴിക്കോട് ജില്ലയിലെ മിക്ക ഡിപ്പോകളിലും കഴിഞ്ഞ ദിവസങ്ങളിൽ വരുമാനം പകുതിയോളം കുറഞ്ഞു. കാഞ്ഞങ്ങാട്, കാസർകോട് ഡിപ്പോകളിൽ മാത്രമാണ് വരുമാനം ഏറ്റക്കുറച്ചലില്ലാതെ പോകുന്നത്.

Top Stories
Share it
Top