കെ.എസ്.ആര്‍.ടി.സില്‍ കൂട്ട സ്ഥലമാറ്റം; സ്ഥലംമാറ്റിയത് കാസർകോട്ടേക്ക്

Published On: 2018-06-28T09:45:00+05:30
കെ.എസ്.ആര്‍.ടി.സില്‍ കൂട്ട സ്ഥലമാറ്റം; സ്ഥലംമാറ്റിയത് കാസർകോട്ടേക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സില്‍ കൂട്ട സ്ഥലമാറ്റം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പടെ 153 ജീവനക്കാര്‍ക്കാണ് സ്ഥലം മാറ്റം. ആറുമാസത്തിനിടയില്‍ 10 ദിവസത്തിന് താഴെ മാത്രം ജോലി ചെയ്ത ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ 153 പേരില്‍ 33 പേര്‍ സ്ത്രീകളാണ്. ജോലിയില്‍ പ്രവേശിക്കാതെ ഉഴപ്പിയവര്‍ക്കാണ് സ്ഥലംമാറ്റം കിട്ടിയിരിക്കുന്നത്.

കാസര്‍കോട്ടേക്കാണ് ഇതില്‍ മിക്കവരെയും സ്ഥലം മാറ്റിയിരിക്കുന്നത്. അവിടെ ജീവനക്കാര്‍ കുറവാണെന്ന കാരണത്താലാണിത്. ഒരു ജീവനക്കാരന്‍ വര്‍ഷത്തില്‍ 20 ദിവസംപോലും ജോലി ചെയ്യാതിരുന്നാല്‍ സ്ഥാപനത്തിനോ അയാള്‍ക്കോ പ്രയോജനമില്ല. ഡ്രൈവര്‍മാരുടെ ക്ഷാമംകാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നുവെന്നും അധികൃതര്‍ പറയുന്നു.

ജൂണ്‍ 23 നാണ് സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് മാനേജിങ് ഡയറക്ടര്‍ പുറപ്പെടുവിച്ചത്. ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ പുതിയ തൊഴില്‍ സംസ്‌കാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നിരത്തുകളില്‍ ഇലക്ട്രിക് ബസുകള്‍ അണിനിരത്തിയും, മികച്ച സര്‍വ്വീസിങ്ങിലേക്ക് തിരിച്ചെത്തിയും മറ്റും ഒരു മുഖം മിനുക്കലിലാണ് കെ.എസ്.ആര്‍.ടി.സി. പുതിയ മാറ്റങ്ങള്‍ നഷ്ടത്തില്‍ നിന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കിയിരിക്കുന്നത്. മെയ് മാസത്തില്‍ റെക്കോര്‍ഡ് വരമാനമാണ് കെ.എസ്.ആര്‍.ടി.സി നേടിയത്.

Top Stories
Share it
Top