കട്ടപ്പുറത്തായ ബസുകളില്‍ കാന്റീന്‍ തുടങ്ങാന്‍ കെഎസ്ആര്‍ടിസി

Published On: 2018-05-18T16:15:00+05:30
കട്ടപ്പുറത്തായ ബസുകളില്‍ കാന്റീന്‍ തുടങ്ങാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കാലപ്പഴക്കം മൂലം കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകള്‍ ഇനി തുരുമ്പെടുത്ത‌് നശിക്കില്ല. ഈ ബസുകൾ കാന്റീനുകളാക്കി മാറുന്നു. ഇനി കെഎസ്ആർടിസി ബസിൽ നിന്ന് രുചിയേറിയ ഭക്ഷണം കഴിക്കാം. കുടുംബശ്രീയുമായി സഹകരിച്ച‌് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും ഡിപ്പോകളിലും ടെര്‍മിനലുകളിലും പഴയ ബസുകളിലും കാന്റീന്‍ ഉണ്ടാക്കാനാണ് കോര്‍പറേഷന്‍ പദ്ധതി ഒരുക്കുന്നത്. പദ്ധതി നിർദേശം കുടുംബ ശ്രീ അധികൃതർ നൽകിയിട്ടുണ്ടെന്നും ഒരാഴ‌്ചയ‌്ക്കകം ഉന്നതതല യോഗം ചേർന്ന‌് പദ്ധതി ആവിഷ‌്കരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

മികച്ച നിർദേശമാണ‌് കുടുംബ ശ്രീയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബ ശ്രീ കെഎസ‌്ആർടിസിയുമായി സഹകരിച്ച‌് വിവിധ പ്രവർത്തനങ്ങൾ ആവിഷ‌്കരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ‌് മന്ത്രി, ഗതാഗത മന്ത്രി, ട്രാൻസ‌്പോർട്ട‌് സെക്രട്ടറി, കെഎസ‌്ആർടിസി സിഎംഡി എന്നിവരുമായി കൂടിയാലോചിച്ച‌് അന്തിമ തീരുമാനമെടുക്കും. തിരുവനന്തപുരത്ത‌് ഇതിനായി ഒരാഴ‌്ചയ‌്ക്കകം ഉന്നതതല യോഗം ചേരും.

ആറ‌് പദ്ധതികളടങ്ങിയ നിർദേശമാണ‌് കുടുംബ ശ്രീ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ എസ‌് ഹരികിഷോറിന്റെ നേതൃത്വത്തിൽ കെഎസ‌്ആർടിസ‌ിക്ക‌് നൽകിയത‌്. പഴയ കെഎസ‌്ആർടിസി ബസുകളിൽ കാന്റീൻ നടത്തിപ്പ‌്, ബസുകൾ വൃത്തിയാക്കൽ, കംഫർട്ട‌് സ‌്റ്റേഷൻ, എസി വിശ്രമകേന്ദ്രം, സ‌്ത്രീകളുടെ മുലയൂട്ടൽ കേന്ദ്രം എന്നിവ കുടുംബശ്രീ ഏറ്റെടുത്ത‌് നടപ്പാക്കാനാണ‌് നിർദേശം. വരുമാനമുണ്ടാക്കുന്ന ഓൺലൈൻ റിസർവ‌് കേന്ദ്രത്തിന്റെ നടത്തിപ്പിന് കേന്ദ്രം അനുവദിക്കണമെന്നും നിർദേശത്തിലുണ്ട‌്. ഇക്കാര്യങ്ങളെല്ലാം തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗം ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Top Stories
Share it
Top