ഭവന നിർമാണ രംഗത്തേക്ക് കുടുംബശ്രീ വനിതകളും

കാക്കനാട്: കുടുംബശ്രീ വനിതകളുടെ കൂട്ടായ്മ ഭവന നിർമാണ മേഖലയിലേക്കും പ്രവൃത്തനം വ്യാപിക്കുന്നു. സിമൻറും മണലും യോജിപ്പിക്കാനും ഇഷ്ടിക ചുമക്കാനും...

ഭവന നിർമാണ രംഗത്തേക്ക് കുടുംബശ്രീ വനിതകളും

കാക്കനാട്: കുടുംബശ്രീ വനിതകളുടെ കൂട്ടായ്മ ഭവന നിർമാണ മേഖലയിലേക്കും പ്രവൃത്തനം വ്യാപിക്കുന്നു. സിമൻറും മണലും യോജിപ്പിക്കാനും ഇഷ്ടിക ചുമക്കാനും മാത്രമല്ല; വീടുകൾ മൊത്തത്തിൽ തന്നെ പടുത്തുയർത്താൻ ഇവർ പ്രാപ്തരായിക്കഴിഞ്ഞു. അങ്കമാലി ബ്ലോക്കിലെ മഞ്ഞപ്ര, വൈപ്പിനിലെ നായരമ്പലം, മുളന്തുരുത്തിയിലെ ആമ്പല്ലൂർ, പള്ളുരുത്തിയിലെ കുമ്പളങ്ങി, കോതമംഗലത്തെ വാരപ്പെട്ടി എന്നിവിടങ്ങളിൽ ഇവരുടെ നിർമാണത്തിൽ വീടുകളുയരുകയാണ്.

വീടിന്റെ കോൺട്രാക്ട് ജോലി മുതൽ പൂർണ്ണമായും പണി തീർത്ത് വേണമെങ്കിൽ പെയിൻറുമടിച്ച് ഉടമസ്ഥന് കൈയ്യിൽ താക്കോൽ നൽകാൻ പാകത്തിൽ ഇവരെ വാർത്തെടുത്തത് കുടുംബശ്രീയാണ്. നിർമാണ മേഖലയിൽ തൊഴിലെടുക്കാൻ താൽപര്യമുള്ള വനിതകളെ ചേർത്തുണ്ടാക്കുന്ന ഗ്രൂപ്പുകൾക്ക് 45 ദിവസത്തെ നൈപുണി പരിശീലനം നൽകും. കുടുംബശ്രീ അംഗങ്ങളെയോ കുടുംബാംഗങ്ങളെയോ ഉൾപ്പെടുത്തി ഓരോ ബ്ലോക്കിനു കീഴിലും രണ്ട് യൂണിറ്റുകൾ രൂപീകരിക്കും.

കുടുംബശ്രീ കൺസ്ട്രക്ഷൻ ഏക്സാഥ് (ആലപ്പുഴ , എറണാകുളം), രാജഗിരി, എസ്.ബി. ഗ്ലോബൽ തുടങ്ങിയ സ്കിൽ ട്രെയിനിങ് ഏജൻസികളാണ് ഈ ഗ്രൂപ്പംഗങ്ങൾക്ക് പരിശീലനം നൽകുക. സംസ്ഥാന സർക്കാരിന്റെ 'ലൈഫ് ' മിഷനിൽ അനുവദിക്കുന്ന വീടുകളുടെ നിർമ്മാണത്തിൽ ഇവരെ നേരിട്ട് ഉൾപ്പെടുത്തും. ഇതുവഴി ഇവർക്ക് തൊഴിൽ പഠിക്കാനും ഉടമസ്ഥന് പണിക്കൂലി നൽകാതെ വീടുപണി പൂർത്തിയായിക്കിട്ടാനും ഒരേ വേദിയിൽ അവസരമൊരുങ്ങും. ജില്ലയിൽ 14 ബ്ലോക്കുകളിലും ഗ്രൂപ്പുകൾ രൂപീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പിലും 10 മുതൽ 20 അംഗങ്ങൾ വരെയുണ്ട്.

പരിശീലനമാണെങ്കിലും ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. നിർമാണത്തിന്റെ ഓരോ ഘട്ടവും ഏജൻസി സൂക്ഷ്മമായി വിലയിരുത്തും. പണിക്കൂലിക്കായി നീക്കിവെക്കേണ്ട പണം വീടിന്റെ മിനുക്കുപണികൾക്കു പയോഗിക്കാൻ ഇതിലൂടെ സാധിക്കും. നിർമ്മാണഗ്രൂപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ കുടുംബശ്രീയ്ക്ക് ഒരു സൂത്രവാക്യമുണ്ട്. ഒരു വീടിന്റെ നിർമാണത്തിൽ പങ്കാളികളായ അതേ ടീമിനെ അടുത്ത വീടുപണിക്ക് നിയോഗിക്കില്ല. ഗ്രൂപ്പംഗങ്ങളെ പരസ്പരം ഇടകലർത്തും. വിവിധ പഞ്ചായത്തുകളിലുള്ള വരെ ചേർത്താണ് ഒരു ഗ്രൂപ്പുണ്ടാക്കുക. ഇവർക്ക് സ്റ്റൈപ്പൻറും യൂണിഫോമും തിരിച്ചറിയൽ കാർഡും ഹെൽമെറ്റും നൽകും. കുടുംബശ്രീയുടെ മൈക്രോ എൻറർപ്രൈസസ് പരിശീലന ഫണ്ടിൽ നിന്നാണ് തുക വകയിരുത്തുക.

ഒരു വീടു പണി പൂർത്തിയാക്കിയ ഗ്രൂപ്പംഗങ്ങളെ 'മിനി കോൺട്രാക്ടർ 'മാരായി പരിഗണിക്കും. അവർക്ക് സ്വന്തമായി വീടു നിർമാണ കരാറുകൾ ഏറ്റെടുക്കാം. ഒരു വർഷം വരെ ബന്ധപ്പെട്ട ഏജൻസി ഇത്തരം സ്വതന്ത്ര നിർമാണത്തിന് പിൻബലവും വിദ​ഗ്ദോപദേശവും നൽകും.
അയൽക്കൂട്ടത്തിലെ അംഗങ്ങൾക്കിടയിലോ അവരുടെ ബന്ധുക്കളിലോ നാട്ടുകാരിലോ സിവിൽ എഞ്ചിനീയറിങ്, ബി ടെക്, ഡിപ്ലോമ തുടങ്ങിയവ പൂർത്തിയാക്കിയ വനിതകളുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തി ഗ്രൂപ്പ് ശാക്തീകരിക്കും. വീടു നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പഞ്ചായത്തിൽ നിന്നും ബിൽഡിങ് പെർമിറ്റ് നേടുന്നതിൽ തുടങ്ങി പ്ലാൻ വരക്കൽ, അംഗീകാരം നേടൽ, വീടു പണി കഴിഞ്ഞ് നമ്പർ നേടുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്യാൻ അംഗങ്ങളെ പ്രാപ്തരാക്കും.

നൂറിലധികം ലൈഫ് വീടുകൾക്ക് അംഗീകാരം ലഭിച്ച പഞ്ചായത്തുകളും ലൈഫ് വീടുകൾ അനുവദിച്ചിട്ടില്ലാത്ത പഞ്ചായത്തുകളുമുണ്ടാകാം. നിർമാണ ഗ്രൂപ്പുകൾക്ക് ദൂരപരിധിയും സൗകര്യവുമനുസരിച്ച് ഏതു വീട് തെരഞ്ഞെടുക്കാനും അനുവാദമുണ്ട്. ഏറ്റെടുത്ത വീട് അതേ ഗ്രൂപ്പു തന്നെ പൂർത്തിയാക്കിയിരിക്കണം. ജോലിയിൽ മറ്റാരെയും ഉൾപ്പെടുത്തില്ലെന്ന പിടിവാശിയൊന്നും ഇവർക്കില്ല. നിർമാണത്തിന്റെ ഏതു ഘട്ടത്തിലായാലും പുറത്തു നിന്നൊരാൾ ആവശ്യമെന്ന് കണ്ടാൽ ഉൾപ്പെടുത്താം. അത് പുരുഷനായാലും കുഴപ്പവുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും നിർമാണ ജോലികൾ ഏറ്റെടുക്കാൻ ഗ്രൂപ്പുകളെ പ്രാപ്തരാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഗീവർഗ്ഗീസ്, അസി. കോർഡിനേറ്റർ റജീന റ്റി.എം, ഡിസ്ട്രിക്ട് പ്രോ ഗ്രാം മാനേജർ മഞ്ജിഷ് വി.എം. എന്നിവർ പദ്ധതിക്ക് ജില്ലയിൽ നേതൃത്വം നൽകിവരുന്നു.

ട്രൈബൽ സെറ്റിൽമെന്റ് ഡെവലപ്മെൻറ് മിഷനിൽ (ടി.ആർ.ഡി.എം) എsയക്കാട്ടു വയലിലെ കോളനിയിൽ ഇവർ 38 വീടുകൾ മുമ്പ് പൂർത്തീകരിച്ചിരുന്നു. വെള്ളമെത്തിക്കാനും മറ്റും വളരെ ബുദ്ധിമുട്ടുള്ള ഈ കുന്നിൽ പണിയെടുക്കാൻ കരാറുകാർ തയ്യാറാകാതിരുന്നതിനെ തുടർന്നായിരുന്നു ഇത്. കൂടാതെ അങ്കമാലി ബ്ലോക്കിലെ മൂർക്കന്നൂരിൽ ആശ്രയ ഫാമിലിക്കായി ഇതേ ഗ്രൂപ്പ് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇവർ നിർമിച്ച വീടുകൾ കണ്ട് ഗുണമേന്മ ഉറപ്പു വരുത്തി പഞ്ചായത്തുകളും ലൈഫ് ഗുണഭോക്താക്കളും നിർമാണ ജോലിക്കായി സമീപിക്കുമെന്ന പ്രതീക്ഷയിൽ ഓരോ ഗ്രൂപ്പുകളും വീടു നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ജോലികളിൽ മുഴുകുകയാണ്.

Story by
Read More >>