കുമളിയില്‍ കാണാതായ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി

കുമളി: കുമളി ഡൈമുക്ക് ആനക്കുഴിയില്‍ ഇന്നലെ കാണാതായ സഹോദരങ്ങളെ വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എച്ച്.എം.എല്‍ എസ്റ്റേറ്റ്...

കുമളിയില്‍ കാണാതായ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി

കുമളി: കുമളി ഡൈമുക്ക് ആനക്കുഴിയില്‍ ഇന്നലെ കാണാതായ സഹോദരങ്ങളെ വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എച്ച്.എം.എല്‍ എസ്റ്റേറ്റ് ലയത്തില്‍ അനീഷ് എസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (എട്ട്), ലക്ഷ്മിപ്രിയ (രണ്ട്) എന്നിരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളി പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന് അരകിലോമീറ്റര്‍ ദൂരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പരസ്പരം കെട്ടിപിടിച്ച നിലയിലായിരുന്നു.

ദമ്പതികള്‍ കുട്ടികളെ അനീഷിന്റെ മാതാപിതാക്കളെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം ഇന്നലെ രാവിലെ ജോലിക്ക് പോവുകയായിരുന്നു. ഉച്ചയ്ക്ക് ചോറുണ്ട ശേഷം വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടികള്‍ രണ്ട് മണിയോടെ പുറത്തേക്ക് പോയി. അയല്‍പക്കത്ത് താമസിക്കുന്ന വല്ല്യമ്മയുടെ വീട്ടില്‍ കളിക്കാന്‍ പോയാതാണെന്നാണ് അനീഷിന്റെ അമ്മ കരുതിയത്. എന്നാല്‍ വൈകിട്ട് അഞ്ച് മണിക്ക് അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടും കുട്ടികള്‍ തിരികെ വന്നില്ല. അയല്‍പക്കത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയടക്കം സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും കുട്ടികളെ കണ്ടെത്താനായില്ല.

കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പടുതാക്കുളം

ഇതിനിടെ കുട്ടികളെ തട്ടികൊണ്ടുപോയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ വിവിധ ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ഡൈമുക്ക് സ്വദേശിയായ യേശുവിന്റെ ഏലത്തോട്ടത്തിലെ പടുതാകുളത്തിന് സമീപം ആദ്യം കുട്ടികളുടെ വസ്ത്രം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പടുതാകുളത്തില്‍ പരസ്പരം കെട്ടിപിടിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പത്ത് അടി താഴ്ചയുള്ള പടുതാകുളം ഏല കൃഷിക്ക് ജലസേചനത്തിനായാണ് ഉപയോഗിക്കുന്നത്. ഡി.വൈ.എസ്.പിയുടെയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ പൊലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അഭിജിത് ഡൈമുക്ക് ലൂദറന്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും ലക്ഷ്മിപ്രിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

Story by
Read More >>