കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ

Published On: 5 Aug 2018 8:30 AM GMT
കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ

ആലപ്പുഴ: പ്രളയക്കെടുതി വിലയിരുത്താനുള്ള അവലോകന യോഗത്തിൽ കുട്ടനാട്​ പാക്കേജ്​ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം. യോഗത്തിന്​ ശേഷം പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി ജി.സുധാകരനാണ്​ പാക്കേജ്​ പുനരുജ്ജീവിപ്പിക്കുമെന്ന്​ അറിയിച്ചത്​. ഇതിനായി കേന്ദ്രസർക്കാറിനെ സമീപിക്കുമെന്നും സുധാകരൻ വ്യക്​തമാക്കി.

പ്രളയക്കെടുതിയില്‍ ആയിരം കോടിയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തല്‍. കുട്ടനാട് പാക്കേജില്‍ നടക്കാതെ പോയ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടവയായിരുന്നു എസി കനാലടക്കമുള്ള മറ്റു കനാലുകളുടെ പ്രവര്‍ത്തനം. ഇവ പ്രവര്‍ത്തനസജ്ജമാക്കാന്‍ തീരുമാനമായി. പാക്കേജിനായി 400 കോടി രൂപ വകയിരുത്തിയെങ്കിലും ഇവ നഷ്ടമാവുന്ന സാഹചര്യമാണ് ഉണ്ടായത്.

കുട്ടനാട്ടിലുള്ള മടകള്‍ പലതും പൊട്ടി കിടക്കുന്നതിനാല്‍ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്.മടകള്‍ കുത്തി വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ഇവിടം ജനവാസയോഗ്യമാക്കുക എന്നതാണ് മറ്റൊരു പ്രധാന തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കി ഒക്ടോബറില്‍ നെല്‍കൃഷിയിറക്കും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വകുപ്പുകളില്‍ നിന്ന് കൃഷി വകുപ്പ്‌ ഉദ്യാഗസ്ഥരെ നിയമിക്കും. പ്രവര്‍ത്തനങ്ങള്‍ റവന്യു വകുപ്പ് ഏകോപിപ്പിക്കും.

മുഖ്യമന്ത്രി കുട്ടനാട്​ സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷ നേതാവ്​ രമേഷ്​ ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ യോഗത്തിൽ നിന്ന്​ വിട്ടുനിന്നതിനെ ഭരണപക്ഷ മന്ത്രിമാർ വിമർശിച്ചു. ജി.സുധാകരൻ, തോമസ്​ ഐസക്​ തുടങ്ങിയവരാണ്​ യു.ഡി.എഫ്​ നേതാക്കളുടെ നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്​.

Top Stories
Share it
Top