ഉദ്യോഗാര്‍ത്ഥികളെ  സര്‍ക്കാര്‍ ഏജന്‍സി വഴി എടുക്കാന്‍ കുവൈത്തിനു താല്‍പ്പര്യം 

തിരുവനന്തപുരം: കുവൈത്തിലേക്ക് നഴ്‌സുമാര്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് താല്‍പര്യം...

ഉദ്യോഗാര്‍ത്ഥികളെ  സര്‍ക്കാര്‍ ഏജന്‍സി വഴി എടുക്കാന്‍ കുവൈത്തിനു താല്‍പ്പര്യം 

തിരുവനന്തപുരം: കുവൈത്തിലേക്ക് നഴ്‌സുമാര്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് താല്‍പര്യം പ്രകടിപ്പിച്ചു. കുവൈത്ത് സന്ദര്‍ശിക്കുന്ന തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കുവൈത്ത് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കുവൈത്ത് സാമൂഹിക-തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ്, ആരോഗ്യവകുപ്പ് റിക്രൂട്ട്‌മെന്റ് ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി മുസ്തഫ അല്‍ റിദ എന്നിവരുമായി മന്ത്രി ടി പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി.

ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയത്തില്‍ സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹിനെ സന്ദര്‍ശിച്ച മന്ത്രി ടി പി രാമകൃഷ്ണന്‍ ഒഡെപെക്ക് മുഖേനയുള്ള റിക്രൂട്ട്‌മെന്റ് സാധ്യതകളും റിക്രൂട്ട്‌മെന്റ് രീതികളും ശ്രദ്ധയില്‍ പെടുത്തി. കുവൈത്തിലേക്ക് നഴ്‌സുമാരെയും ഇതരവിഭാഗം തൊഴിലാളികളെയും ഒഡെപെക്ക് വഴി റിക്രൂട്ട് ചെയ്യാന്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍നടപടികള്‍ക്ക് കുവൈത്ത് സര്‍ക്കാരിന്റെ അധീനതയിലുള്ള അല്‍-ദുറൈ ഡൊമസ്റ്റിക്ക് റിക്രൂട്ട്‌മെന്റ് കമ്പനി, പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയെ ചുമതലപ്പെടുത്തി.

മലയാളികള്‍ക്ക് കൂടുതല്‍ തൊഴില്‍സാധ്യതകള്‍ കണ്ടെത്താനായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കുവൈത്തില്‍ എത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മാനവശേഷി വൈദഗ്ധ്യവും കേരളത്തില്‍ നിന്നുള്ള തൊഴിലാളികളുടെ മികവും പ്രകീര്‍ത്തിച്ച അവര്‍ കേരളത്തോടുള്ള പ്രത്യേക താല്‍പര്യവും അറിയിച്ചു. നേരത്തേ താന്‍ കേരളം സന്ദര്‍ശിച്ചതും ഓര്‍മ്മിപ്പിച്ചു.

അല്‍-ദുറൈ ഡൊമസ്റ്റിക്ക് റിക്രൂട്ട്‌മെന്റ് കമ്പനി, പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ അധികൃതരുമായി മന്ത്രി ടി പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി. ഒഡെപെക്ക് വഴി റിക്രൂട്ട് ചെയ്യാന്‍ കഴിയുന്ന നഴ്‌സുമാരുടെയും മറ്റ് തൊഴിലാളികളുടെയും എണ്ണവും മറ്റു നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റും ചര്‍ച്ചാവിഷയമായി. സ്വകാര്യ ആശുപത്രികളിലേക്ക് ഒഡെപെക്ക് വഴി നഴ്‌സുമാരെ നിയമിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ചര്‍ച്ച വളരെ ഫലപ്രദവും കേരളത്തിന് ഏറെ ഗുണകരവുമായെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റിന് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും മാനദണ്ഡങ്ങളും അനുസരിച്ച് ആവശ്യമായ നഴ്‌സുമാരെ നല്‍കാന്‍ കേരളത്തിന് കഴിയും. ഒഡെപെക്ക് മാനേജിംഗ് ഡയരക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, ഒഡെപെക്ക് ജനറല്‍ മാനേജര്‍ എസ് എസ് സജു എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

നേരത്തേ കുവൈത്ത് ആരോഗ്യമന്ത്രാലയം സന്ദര്‍ശിച്ച മന്ത്രി ടി പി രാമകൃഷ്ണന്‍ റിക്രൂട്ട്‌മെന്റ് ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി മുസ്തഫ അല്‍ റിദയുമായി ചര്‍ച്ച നടത്തി. യോഗ്യതകളും അന്താരാഷ്ട്രനിലവാരവും അനുസരിച്ചുള്ള ഉദ്യോഗാര്‍ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ സന്നദ്ധമാണെന്ന് മുസ്തഫ അല്‍ റിദ അറിയിച്ചു. ആരോഗ്യവകുപ്പില്‍ നിലവില്‍ ഒട്ടേറെ ഒഴിവുകള്‍ ഉണ്ട്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നഴ്‌സുമാരെ ആവശ്യമായി വരും. സുതാര്യമായ നിയമനത്തിന് എംബസിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തുടര്‍നടപടി ആവാം. ഇടനിലക്കാരെ മാറ്റിനിര്‍ത്തി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുക്കമാണെന്നും മുസ്തഫ അല്‍ റിദ അറിയിച്ചു.

ഇടനിലക്കാരുടെ ചതിയില്‍ കുടുങ്ങി കുവൈത്തില്‍ അകപ്പെട്ട കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്നും ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇവര്‍ ജോലിയും ശമ്പളവും ലഭിക്കാതെ കുടുങ്ങിയിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എംബസി മുഖേന തീര്‍പ്പുകല്‍പ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മേധാവി അറിയിച്ചു. നഴ്‌സുമാരുടെ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിുനും സര്‍ക്കാര്‍ നടപടിയെടുത്തുകൊണ്ടിരിക്കുകയാണ്. വിവിധ നൈപുണ്യവികസനപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റുകള്‍ സുതാര്യവും സത്യസന്ധവും വിശ്വാസയോഗ്യവുമായി നടത്തുകയാണ് ഒഡെപെക്കിന്റെ ലക്ഷ്യം

കേരളത്തില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ഒഡെപെക്കും നോര്‍ക്കയും മുഖേന നേരിട്ട് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ക്കായാണ് മന്ത്രിയും സംഘവും കുവൈത്തില്‍ എത്തിയത്. തിങ്കളാഴ്ച കുവൈത്തിലെ മലയാളി ബിസിനസ് സമൂഹവുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തോമസ് ചാണ്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒഡെപെക്ക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ എസ് എസ് സജു എന്നിവരും സംബന്ധിച്ചു. കുവൈറ്റ് മന്ത്രിക്ക് കേരളത്തിന്റെ ഉപഹാരമായി മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആറന്‍മുള കണ്ണാടി സമ്മാനിച്ചു.

Story by
Read More >>