കെ.വി തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

കെ.വി.തോമസിനെ സോണിയ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.സീറ്റ് നിഷേധിക്കുകയും താന്‍ എം.പിയായിരുന്ന മണ്ഡലത്തില്‍ ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം അറിയിക്കാതത്തതുമാണ് കെ.വി തോമസിനെ ചൊടിപ്പിച്ചത്

കെ.വി തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: സീറ്റ് നല്‍കാതിരുന്നതിന്റെ പേരില്‍ കെ.വി തോമസ് പാര്‍ട്ടി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി.കെ.വി തോമസിനെ പാര്‍ട്ടിയ്ക്ക് ഇനിയും ആവശ്യമുണ്ട്.കോണ്‍ഗ്രസ്സിലെ സമുന്നതനായ നേതാവായ അദ്ദേഹത്തെ ആരും അവഹേളിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കെ.വി.തോമസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

കെ.വി.തോമസിനെ സോണിയ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സീറ്റ് നിഷേധിക്കുകയും താന്‍ എം.പിയായിരുന്ന മണ്ഡലത്തില്‍ ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം അറിയിക്കാതത്തതുമാണ് കെ.വി തോമസിനെ ചൊടിപ്പിച്ചത്.തനിക്ക് മാന്യമായി പിന്‍മാറാന്‍ പോലും അവസരം നല്‍കിയില്ലെന്നും നേരത്തെ സൂചന നല്‍കിയിരുന്നെങ്കില്‍ സ്വയം പിന്മാറുമായിരുന്നുവെന്നും കെ.വി തോമസ് പ്രതികരിച്ചിരുന്നു.

ബി.ജെ.പിയിലേക്ക് പോകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കെ.വി തോമസ് വ്യക്തമായ മറുപടി നല്‍കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു.ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കെ.വി തോമസുമായി ചര്‍ച്ച നടത്തിയിരുന്നു.ഇതിന്റെയൊക്കെ ഇടയിലാണ് ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

നിലവില്‍ രമേശ് ചെന്നിത്തല കെ.വി തോമസുമായി അദ്ദേഹത്തിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തുകയാണ്.അഹമ്മദ് പട്ടേല്‍ അല്‍പ്പസമയത്തിനകം കെ.വിയുടെ അനുനയ ശ്രമങ്ങള്‍ക്കായി കെ.വിയുടെ വീട്ടിലെത്തും.ബി.ജെ.പി-കെ.വി തോമസ് ചര്‍ച്ച വിശ്വസിക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു.

Read More >>