ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മേല്‍കൈ

Published On: 1 Jun 2018 11:15 AM GMT
ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മേല്‍കൈ

കോഴിക്കോട്: വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേട്ടം. 19 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ എൽഡിഎഫ് നേടി. ഏഴിടത്ത് യുഡിഎഫിനാണ് വിജയം. മൂന്ന്‌ വാർഡുകൾ യുഡിഎഫിൽനിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ രണ്ട് സീറ്റുകൾ യുഡിഎഫും നേടി.

തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡ്‌ എൽഡിഎഫ്‌ യുഡിഎഫിൽനിന്നും പിടിച്ചെടുത്തു. സിപിഎമ്മിലെ ആർ എസ‌് രതീഷാണ് ഇവിടെ വിജയിച്ചത്. കൊല്ലത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫ് വിജയിച്ചു. കോർപ്പറേഷനിലെ അമ്മൻനട വാർഡിൽ സിപിഐഎമ്മിലെ ചന്ദ്രികാദേവി 242 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂർ വടക്ക് വാർഡിൽ സിപിഐഎമ്മിലെ ആർ എസ്‌ ജയലക്ഷ്‌മി 1581 വോട്ടിന്‌ വിജയിച്ചു.

പത്തനംതിട്ട ജില്ലയില്‍ അഞ്ചിടത്താണ് ഉപതെര‍ഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.
ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിൽ യുഡിഎഫിനാണ് വിജയം. എൽഡിഎഫിന്റെ സീറ്റ് ഇവിടെ യുഡിഎഫ് പിടിച്ചെടുക്കുയായിരുന്നു. മരിച്ച എല്‍ഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാർഡിൽ യുഡിഎഫിലെ ഷാരോൺ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിച്ച വാർഡാണിത്‌. പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാർഡും ചെർപ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷനും എൽഡിഎഫ്‌ നിലനിർത്തി.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാർഡിൽ യുഡിഎഫിലെ സി എച്ച്‌ സുലൈമാൻ ഹാജി വിജയിച്ചു. മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാർഡ്‌ യുഡിഎഫ്‌ നിലനിർത്തി . കെ വേലായുധൻ 119 വോട്ടിനാണ്‌ വിജയിച്ചത്‌. കോഴിക്കോട്‌ ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാർഡും കൊയിലാണ്ടി നഗരസഭ പന്തലായിനി വാർഡും എൽഡിഎഫ് നിലനിർത്തി. കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിൽ രണ്ട് സീറ്റ് എൽഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിർത്തി.

Top Stories
Share it
Top