കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ശരിയല്ല; ചിലതൊക്കെ ശരിയാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

Published On: 2018-05-08T10:15:00+05:30
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ശരിയല്ല; ചിലതൊക്കെ ശരിയാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന മുന്‍വിധി മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അച്ചടി-ദൃശ്യമാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. അച്ചടി-ദൃശ്യമാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി രണ്ട് ഘട്ടമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും എഡിറ്റര്‍മാരുമായി സംവദിക്കുകയും ചെയ്തു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉയരാനും ശ്രമിക്കുന്നുണ്ടെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന അപമാനകരമായിരുന്ന അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടിയെന്നും ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭരണനടപടികളുടെ വേഗത ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. സ്ഥലമെടുക്കുന്നതിലുളള ചെറിയ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണ്. നിശ്ചിത സമയത്ത് തന്നെ ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയും. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. ജൂണ്‍ മുതല്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വ്യവസായ രംഗത്ത് പ്രകൃതിവാതകം ലഭ്യമാകും. കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന കാര്യത്തിലും പുരോഗതിയുണ്ട്. ഹരിതകേരളം മിഷന്‍, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷന്‍, ലൈഫ് മിഷന്‍ എന്നിവ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം എന്ന ലക്ഷ്യം വെച്ചുള്ളതാണ്. പൊലീസിന്റെ പലിശീലന പദ്ധതി മെച്ചപ്പെടുത്തന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസിന് മാനുഷിക മുഖം നല്‍കുന്ന പരിശീലനമാണ് ആവശ്യം.

കേരളത്തിന്റെ മതസൗഹാര്‍ദ-മതനിരപേക്ഷ പാരമ്പര്യത്തിന് പോറലേല്‍പ്പിക്കാനും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ജമ്മുവില്‍ കൊച്ചു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ രാജ്യമെങ്ങും പ്രതിഷേധമുണ്ടായി. കേരളത്തിലും വലിയ പ്രതിഷേധമുയര്‍ന്നുവന്നു. എന്നാല്‍ ചിലയാളുകള്‍ ഈ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനും കലാപമുണ്ടാക്കാനും ശ്രമിച്ചു. വാട്ട്‌സാപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇതിന്റെ ഭാഗമായിരുന്നു. കുറ്റവാളികള്‍ക്കായി രംഗത്തിറങ്ങിയ അതേ ശക്തികള്‍ തന്നെയാണ് ഇവിടെ ഈ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചെതെന്ന് പൊലീസ് കണ്ടെത്തി. സംസ്ഥാനത്ത് വലിയ കലാപമുണ്ടാക്കാനുളള ശ്രമത്തിനാണ് പൊലീസ് തടയിട്ടത്. ഈ ഹര്‍ത്താലിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിന് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിഭവസമാഹരണ സാധ്യതയെ തന്നെ കേന്ദ്രം തടസ്സപ്പെടുത്തുകയാണ്. നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയ്ക്ക് വലിയ പോറലുണ്ടാക്കി. നോട്ടുനിരോധനത്തിന്റെ ഘട്ടത്തില്‍ സഹകരണമേഖലയെ തകര്‍ക്കാനുളള ശ്രമങ്ങളുണ്ടായി. എന്നാല്‍ കേരളം അതിനെ അതിജീവിച്ചു. പശ്ചാത്തല വികസനത്തിന് പണം കണ്ടെത്താന്‍ കിഫ്ബി വഴി കഴിയുന്നുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപ പശ്ചാത്തല വികസനത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഇതിനകം ഇരുപതിനായിരം കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി. പ്രവാസികളുടെ കഴിവും പരിചയസമ്പത്തും കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താനാണ് ലോകകേരളസഭ രൂപീകരിച്ചത്. ഇത് വലിയ വിജയമായെന്നും ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. 13 വ്യവസായങ്ങള്‍ ലാഭത്തിലേക്ക് വന്നു. പൊതുവായ നഷ്ടം ഗണ്യമായി കുറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പൊതുമേഖലയെ സംരക്ഷിക്കാനും വികസിപ്പിക്കാനുമാണ് കേരളം ശ്രമിക്കുന്നത്. കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഇന്‍സ്ട്രുമെന്റേഷന്‍ ഉള്‍പ്പെടെയുളള ചില കമ്പനികള്‍ ഏറ്റെടുക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി തത്ക്കാലം പരിഹരിച്ചു. ഈ സ്ഥാപനത്തെ പുനരുദ്ധരിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ കഴിയും. നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കാനും നവീകരിക്കാനുമുളള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതു പ്രശ്‌നത്തിലും ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നഴ്‌സുമാരുടെ വേതനം 20,000 രൂപയായി വര്‍ധിപ്പിച്ചത് ഇതിന് തെളിവാണ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം ഉടച്ചുവാര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശാസ്ത്ര-ഗവേഷണ രംഗം വികസിക്കണം. നിലവിലുളള ഭരണനിര്‍വ്വഹണ സംവിധാനം സര്‍വ്വകലാശാലകള്‍ക്ക് ഗുണകരമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. വൈസ് ചാന്‍സലറുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ചെലവ് കുറഞ്ഞ രീതിയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും സ്ഥാപിക്കും. സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് പൊതു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കാനുളള നടപടികള്‍ സുതാര്യമാക്കി.

ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വേഗതത്തില്‍ സഹായം ലഭിക്കുന്നു. ഇതിനകം 393 കോടി രൂപ ചികിത്സാ സഹായമായി വിതരണം ചെയ്തു. പൊതു ഇടങ്ങളില്‍ ശൗചാലയം സ്ഥാപിക്കുന്നതിനുളള പദ്ധതി നടപ്പാക്കും. ഇത് സംബന്ധിച്ച് പുതിയ ചില ആശയങ്ങള്‍ സര്‍ക്കാരിന്റെ മുമ്പില്‍ വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ-വിദ്വേഷ പ്രചരണം നടത്തുന്ന പ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുക. എന്നാല്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. ആഹാര സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇടപെടലുണ്ടാകും. കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് എട്ടോളം സ്ഥലങ്ങളില്‍ ആലോചനയുണ്ട്. കൊച്ചിയില്‍ ഇത് യാഥാര്‍ഥ്യമാക്കുന്നതിന് ബ്രഹ്മപുരം പ്ലാന്റിന് തുടക്കമായിട്ടുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുന്നതിന് മുന്‍കൈയെടുക്കും. ഇക്കാര്യം അടുത്ത സര്‍വകക്ഷിയോഗത്തില്‍ ഉന്നയിച്ച് സമവായത്തിന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Top Stories
Share it
Top