ജലന്ധ‌‌ർ ബിഷപ്പിന്റെ പീഡനം;  കന്യാസ്ത്രീ വത്തികാൻ പ്രതിനിധിക്കയച്ച കത്ത് പുറത്ത്

Published On: 6 Aug 2018 11:45 AM GMT
ജലന്ധ‌‌ർ ബിഷപ്പിന്റെ പീഡനം;  കന്യാസ്ത്രീ വത്തികാൻ പ്രതിനിധിക്കയച്ച കത്ത് പുറത്ത്

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് പുറത്തായി. ബിഷപ്പില്‍ നിന്ന് ലൈംഗിക പീഡനവും മാനസിക പീഡനവുമുണ്ടായെന്ന് കന്യാസ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു. രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നല്‍കിയത്. ഈ വര്‍ഷം ജനുവരി 28നാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്. ഈ പരാതി ആറ് പേജുള്ള സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയതായിരുന്നു. ബെംഗളൂരുവിലുള്ള ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴിയാണ് ഈ പരാതി നല്‍കിയത്. ആദ്യം നല്‍കിയ പരാതിയില്‍ നടപടികള്‍ ഒന്നും ഉണ്ടാവാതെ വന്നപ്പോഴാണ് ഈ വര്‍ഷം ജൂണ്‍മാസം 24ന് രണ്ടാമത് ഇ-മെയിലായി പരാതി അയച്ചത്. രണ്ടു പേജുള്ള ഈ മെയിലാണ് കന്യാസ്ത്രീ അന്നയച്ചത്.

തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ബിഷപ്പ് ശ്രമിച്ചു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താന്‍. വധ ഭീഷണി തന്നെ നിലനില്‍ക്കുന്നു. തനിക്ക് മാത്രമല്ല മറ്റൊരു കന്യാസ്ത്രീക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പീഡനം നടന്നതിന് പിന്നാലെ തന്നെ കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ജലന്ധറിലെ പി.ആര്‍.ഒ ആയ ഫാദര്‍ പീറ്ററാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്. ഇനിയും ബിഷപ്പിനെതിരെ നടപടി ഉണ്ടാകാത്ത പക്ഷം താന്‍ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നുണ്ട്‌. ഇത്തരത്തില്‍ പരാതി നല്‍കിയ കാര്യം കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥനോടും കോടതിയില്‍ രഹസ്യ മൊഴി നല്‍കിയപ്പോഴും വ്യക്തമാക്കിയിരുന്നു.

ഇനിയെങ്കിലും തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടാവരുത്. വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് കന്യാസ്ത്രീ രണ്ടാമത്തെ പരാതി അവസാനിപ്പിക്കുന്നത്. ആദ്യ പരാതി നല്‍കി ഏതാണ്ട് ആറ് മാസം കഴിഞ്ഞാണ് രണ്ടാമത്തെ പരാതി നല്‍കിയത്. എന്നാല്‍ രണ്ട് പരാതിയിലും നടപടിയുണ്ടായില്ല.

Top Stories
Share it
Top