കാസർ​ഗോഡ് ഫഹദ് വധം; പ്രതിക്ക് ജീവപര്യന്തം 

Published On: 18 Jun 2018 10:30 AM GMT
കാസർ​ഗോഡ് ഫഹദ് വധം; പ്രതിക്ക് ജീവപര്യന്തം 

കാസര്‍കോട്: മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപപിഴയും. പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസില്‍ കല്യോട്ട് കണ്ണോത്ത് വിജയകുമാറി (31)നെയാണ് കാസർ​ഗോഡ് ജില്ലാ കോടതി ശിക്ഷിച്ചത്. ഐ.പി.സി 34, 302 എന്നീ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് അഡിഷണല്‍ സെഷന്‍ കോടതി ജഡ്ജി ശശികുമാറാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2015 ജൂലായ് ഒന്‍പതിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കല്യോട്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോൾ ചാന്തന്‍മുള്ള് എന്ന സ്ഥലത്ത് വെച്ച് വിജയകുമാര്‍ കുട്ടികൾക്ക് നേരെ ചാടിവീഴുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടെ വീണ ഫഹദിനെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കേസന്വേഷിച്ച പോലീസ് പ്രതിക്ക് ഫഹദിന്റെ പിതാവ് അബ്ബാസിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തി. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന യു പ്രേമനാണ് കേസില്‍ അന്വേഷണം നടത്തിയത്.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ സമർപ്പിച്ച കുറ്റപത്രം പിന്നീട് വിചാരണയ്ക്കായി ജില്ലാകോടതിയിലേക്ക് മാറ്റി. തടവ് ശിക്ഷയ്‌ക്കൊപ്പം വിധിച്ച ഒരു ലക്ഷം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപ ഫഹദിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Top Stories
Share it
Top