ലോട്ടറി നറുക്കെടുപ്പ്: തത്സമയം കൈരളി ടിവിയില്‍

Published On: 2018-08-09T10:30:00+05:30
ലോട്ടറി നറുക്കെടുപ്പ്: തത്സമയം കൈരളി ടിവിയില്‍

തിരുവനന്തപുരം: ലോട്ടറി നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം ഈ മാസം 17 മുതലാണ് പ്രാബല്യത്തിലാവുക.‌ ഇതോടെ നറുക്കെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെഫലം അറിയാന്‍ സാധിക്കുമെന്ന സവിശേഷതയുമുണ്ട്. അതേസമയം, ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി ചാനലായ കൈരളിയെ തിരഞ്ഞെടുത്ത സംഭവം വിവാദമാവുകായാണ്.

ഒരു വര്‍ഷം 365 നറുക്കെടുപ്പുകളാണ് ഉണ്ടായിരിക്കുക. ഗോര്‍ഖി ഭവനിലെ വാടകയ്‌ക്കെടുത്ത സ്റ്റുഡിയോയിലായിരിക്കും നറുക്കെടുപ്പ് നടക്കുക. ഇതിന്റെ ആദ്യ സംപ്രേഷണം ചിങ്ങം ഒന്നിന് മൂന്നു ക്യാമറകള്‍ ഉപയോഗിച്ചു ചിത്രീകരിച്ച് ജനങ്ങളിലെത്തിക്കാനാണ് നിലവിലെ തീരുമാനം. ഈ ദൃശ്യങ്ങള്‍ നേരിട്ട് കൈരളിയുടെ സ്റ്റുഡിയോയില്‍ എത്തിച്ച് ലൈവായി സംപ്രേഷണം ചെയും.

സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ നറുക്കെടുപ്പ് യന്ത്രങ്ങളും എത്തിച്ചു. മുമ്പ് നറുക്കെടുപ്പിനായി ഉപയോഗിച്ചിരുന്ന കറങ്ങുന്ന യന്ത്രത്തിന് പകരമാണ് പുതിയ സംവിധാനം. ഒന്നേ മുക്കാല്‍ കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പുതിയ യന്ത്രവും സ്റ്റുഡിയോയും ക്രമീകരിച്ചിരുന്നത്. കാലങ്ങളായി കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നിരുന്നത് ശ്രീചിത്ര പൂവര്‍ ഹോമിലായിരുന്നു. പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സിഡിറ്റിന്റെ സഹായത്തോടെയാണ്. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Top Stories
Share it
Top