മാഹി കൊലപാതകം തൊക്കിലങ്ങാടിയിലെ ആര്‍എസ്എസ് ക്യാമ്പിന്റെ തുടര്‍ച്ച- പി ജയരാജന്‍

Published On: 2018-05-08T12:15:00+05:30
മാഹി കൊലപാതകം തൊക്കിലങ്ങാടിയിലെ ആര്‍എസ്എസ് ക്യാമ്പിന്റെ തുടര്‍ച്ച- പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് ആര്‍എസ്എസ് മാഹിയില്‍ നടത്തിയ കൊലപാതകമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെതിരെ ഒരു വര്‍ഷം മുമ്പും വധശ്രമം നടന്നിരുന്നു. ഇതില്‍ മാഹി പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. പൊലീസ് മാഹിയില്‍ ആര്‍എസ്എസിന് നല്‍കുന്ന സഹായമാണ് ഈ കൊലപാതകത്തിന്റെ ഒരു കാരണമെന്ന് പി ജയരാജന്‍ വ്യക്തമാക്കി.

കൂടാതെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 21 ദിവസങ്ങളായി ആര്‍എസ്എസ് ആയുധപരിശീലനം നടത്തുകയാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യരുതെന്ന സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവ് മറികടന്നായിരുന്നു പരിശീലനം. സ്‌കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളെപോലും ആര്‍എസ്എസ് തടയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ ക്യാമ്പ് കഴിഞ്ഞ ഉടന്‍ തന്നെയാണ് ആര്‍എസ്എസ് കൊലപാതകം നടത്തിയിരിക്കുന്നത്.

ഇങ്ങനെ സമാധാനത്തെ തകര്‍ക്കുന്ന ആര്‍എസ്എസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. മാഹി പൊലീസിന്റെ ഫലപ്രദമായ അന്വേഷണം ഉണ്ടാവണം. ആര്‍എസ്എസ്സിന്റെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മാഹി പൊലീസിന്റെ നടപടി അവസാനിപ്പിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

Top Stories
Share it
Top