മെത്രാന്മാരെയും വൈദികരെയും അവഹേളിക്കുന്നതില്‍ പ്രതിഷേധം

Published On: 10 Jun 2018 3:00 AM GMT
മെത്രാന്മാരെയും വൈദികരെയും അവഹേളിക്കുന്നതില്‍ പ്രതിഷേധം

കൊച്ചി: സഭ നിരന്തരം നവീകരണത്തിന്റെ പാതയിലാണെന്നും പ്രതിസന്ധികള്‍ ക്രൈസ്തവികമായി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരൂപതയിലെ വിവിധ പ്രശ്നങ്ങള്‍ ക്രൈസ്തവ ചൈതന്യത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കു യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതിരൂപതയിലെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കെതിരെയും വൈദികര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന അപവാദ പ്രചാരണങ്ങളിലും വ്യക്തിഹത്യയിലും പ്രതിഷേധം രേഖപ്പെടുത്തി. ഇവക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

സമീപകാലത്തു നടന്ന ക്രൈസ്തവമല്ലാത്ത പ്രതിഷേധ പരിപാടികളെ യോഗം ശക്തമായി അപലപിച്ചു.സെക്രട്ടറി പി.പി. ജരാര്‍ദ്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗങ്ങളായി റവ.ഡോ. ജോസ് ഇടശേരി, സെമിച്ചന്‍ ജോസഫ്, ജിയോ ബേബി മഴുവഞ്ചേരി എന്നിവരെ യോഗം തെരഞ്ഞെടുത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം, ജുഡീഷ്യല്‍ വികാര്‍ ഫാ. ബര്‍ക്കുമന്‍സ് കോടയ്ക്കല്‍, ജോയിന്റ് സെക്രട്ടറി മിനി പോള്‍, സിസ്റ്റര്‍ യൂക്കരിസ്റ്റ് എന്നിവര്‍ പ്രസംഗിച്ചു.

Top Stories
Share it
Top