സ്പോണ്‍സറെ കിട്ടിയില്ല; മജ്സിയയുടെ പഞ്ചഗുസ്തി മത്സര സ്വപ്നങ്ങള്‍ ആശങ്കയിൽ

കോഴിക്കോട്: അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ ദേശീയ ചാമ്പ്യന്‍ മജിസിയ ഭാനു. സ്പോണ്‍സറെ കിട്ടാത്തതാണ് സെപ്തംബറില്‍...

സ്പോണ്‍സറെ കിട്ടിയില്ല; മജ്സിയയുടെ പഞ്ചഗുസ്തി മത്സര സ്വപ്നങ്ങള്‍ ആശങ്കയിൽ

കോഴിക്കോട്: അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ ദേശീയ ചാമ്പ്യന്‍ മജിസിയ ഭാനു. സ്പോണ്‍സറെ കിട്ടാത്തതാണ് സെപ്തംബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന മജ്സിയയുടെ ആശങ്കയ്ക്ക് കാരണം.

പ്രവേശന ഫീസ്, വിസ, യാത്രാ, താമസം ഭക്ഷണം ഉള്‍പ്പടെയുള്ള തുക ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ മജ്സിയയുടെ അന്താരാഷ്ട്ര ചാമ്പ്യന്‍ സ്വപ്നങ്ങളുടെ ചിറകൊടിയും. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ അഞ്ച് ലക്ഷം രൂപയാണ് ആവശ്യം. ഓര്‍ക്കാട്ടേരിയിലെ സാധാരണ കുടുംബത്തില്‍ അംഗമായ മജ്സിയ കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് കൊച്ചിയില്‍ നടന്ന മിസ്സ് കേരള ഫിറ്റ്നസ് ആന്റ് ഫാഷന്‍ മത്സരത്തിലുള്‍പ്പടെ 12 ഗോള്‍ഡ് മെഡലുകള്‍ തേടിയെത്തി. ജില്ലാ സംസ്ഥാന പഞ്ചഗുസ്തി മത്സരങ്ങളില്‍ ചാമ്പ്യന്‍ പട്ടമണിഞ്ഞതിന് ശേഷമാണ് കഴിഞ്ഞ മെയ്യില്‍ ലെക്നൗവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മജ്സിയ സ്വര്‍ണ്ണം നേടിയത്.

അന്താരാഷ്ട്ര മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. പഞ്ചഗുസ്തി മത്സരം സാമ്പത്തിക സഹായം നല്‍കാനുള്ള കായിക ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്.

ഒടുവില്‍ മന്ത്രി കെ.ടി ജലീലിനെ കണ്ടപ്പോള്‍ പഠനം, കല്ല്യാണം, ചികിത്സ ആവശ്യങ്ങള്‍ക്ക് മാത്രമെ സഹായിക്കാന്‍ പറ്റുകയുള്ളുവെന്നാണ് മറുപടി ലഭിച്ചതെന്ന് മജ്സിയ പറഞ്ഞു. ജനപ്രതിനിധികളേയും മന്ത്രിമാരേയുമൊക്കെ കണ്ടിട്ടും യാതൊരു സഹായവും ലഭിക്കാത്തതില്‍ നിരാശയിലാണ് ഈ കായികതാരം.

പഞ്ചഗുസ്തിക്കൊപ്പം പവര്‍ലിഫ്റ്റിങ്ങ്, ബോക്സര്‍ താരം കൂടിയാണ് മജ്സിയ. ഈ കായിക ഇനങ്ങള്‍ പരിശീലിക്കാന്‍ മാസം തോറും വലിയ തുക ചിലവ് വരുന്നുണ്ട്. സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് പരിശീലനം നടത്തുന്നത്. പഞ്ചഗുസ്തിയില്‍ വടകര സ്വദേശിയായ ഷമാസ് അബ്ദുള്‍ ലത്തീഫും സനീഷ് കോഴിക്കോടുമാണ് പരിശീലനം നല്‍കുന്നത്. മാഹി ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് മജ്സിയ ഭാനു.

Read More >>