മലബാര്‍ കയാക്കിങ് ലോക ചാമ്പ്യന്‍ഷിപ്പ് ജുലൈ 18 മുതല്‍ 

Published On: 2018-06-28 08:30:00.0
മലബാര്‍ കയാക്കിങ് ലോക ചാമ്പ്യന്‍ഷിപ്പ് ജുലൈ 18 മുതല്‍ 

കോഴിക്കോട്: ആറാമത് മലബാര്‍ കയാക്കിങ് ലോക ചാമ്പ്യന്‍ഷിപ്പ് ജൂലൈ 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കും. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കാന്‍ ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിപ വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ച കോഴിക്കോടിന്റെ കരുത്തിനെ സ്മരിച്ചുകൊണ്ടാണ് ചാംപ്യന്‍ഷിപ്പ്.

ഇത്തവണ രാജ്യാന്തര മത്സരമായാണ് കയാക്കിങ് നടത്തുന്നത്. കോടഞ്ചരി, തിരുവമ്പാടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായാണ് മത്സരങ്ങള്‍. പരിപാടിയുടെ പ്രചാരണത്തിന് ജൂലൈ ഒന്നിന് തുടക്കമാവും. ടഗോര്‍ സെന്റിനറി ഹാള്‍ പരിസരത്തുനിന്ന് മെഴുകുതിരിയേന്തി നടത്തം സംഘടിപ്പിക്കും. ബീച്ചില്‍ സമാപിക്കും. കോഴിക്കോട്ടുനിന്നു തുഷാരഗിരിയിലേക്ക് എട്ടിനു ബുള്ളറ്റ് റൈഡും 15ന് സൈക്ലിങ്ങും സംഘടിപ്പിക്കും. ഇതിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു.

29ന് കോടഞ്ചേരിയില്‍ മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിങ് ചാംപ്യന്‍ഷിപ്പും ഒന്‍പതു മുതല്‍ 12 വരെ മലബാര്‍ ഓഫ്‌റോഡ് ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കും. കലക്ടര്‍ യു.വി ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ഡി ജോസഫ്, അന്നമ്മ മാത്യു, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top Stories
Share it
Top