മലമ്പുഴ അണക്കെട്ട് തുറന്നു

Published On: 2018-08-01T12:00:00+05:30
മലമ്പുഴ അണക്കെട്ട് തുറന്നു

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 11.45 ഓടെയാണ് ഓരോ ഷട്ടറുകള്‍ വീതം തുറന്നത്. . 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകളാണ് മലമ്പുഴ അണക്കെട്ടിനുള്ളത്.

ഷട്ടറുകള്‍ തുറന്നതോടെ വെള്ളം മുക്കൈപ്പുഴ വഴി ഒഴുകി കല്പാത്തി പുഴയിലൂടെ പറളിയില്‍ നിന്ന് ഭാരതപ്പുഴയിലെത്തും. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. നാല് വര്‍ഷത്തിനു ശേഷമാണ് അണക്കെട്ട് തുറക്കുന്നത്. ഇതിനു മുന്‍പ് 2013ലും 2014ലും അണക്കെട്ട് തുറന്നിരുന്നു

ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ സമീപത്തെ പുഴകളില്‍ വെള്ളം ഉയരുമെന്നും പൊതുജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ജില്ല എമര്‍ജന്‍സി ഓപറേഷന്‍ സെന്ററുകളുമായി ബന്ധപ്പെടുക. നമ്പറുകള്‍: കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട്- 0491 2505770, ആലത്തൂര്‍ - 0492 2222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം - 0466 2244322, പട്ടാമ്പി - 0466 2214300, മണ്ണാര്‍ക്കാട് 04924 222397.

Top Stories
Share it
Top