സര്‍വ്വീസ് സെന്ററിന്റെ പൊല്ലാപ്പ്: അഷ്‌റഫിന് കിട്ടിയത് 4000 രൂപ

Published On: 2018-07-10 09:15:00.0
സര്‍വ്വീസ് സെന്ററിന്റെ പൊല്ലാപ്പ്: അഷ്‌റഫിന് കിട്ടിയത് 4000 രൂപ

കോഴിക്കോട്: ഐക്കരപ്പടി സ്വദേശി പി.മുഹമ്മദ് അഷ്‌റഫ്, മാവൂര്‍ റോഡില്‍ പുതിയ ബസ്സ്റ്റാന്റിനടുത്തെ ഒരു മൊബൈല്‍ഷോപ്പില്‍ നിന്ന് 8000 രൂപയ്ക്ക് ഒരു സോണി ഫോണ്‍ വാങ്ങിയത് നാല് വര്‍ഷം മുമ്പായിരുന്നു. പൊല്ലാപ്പെന്നു പറയട്ടെ വാങ്ങി ആറുമാസമാകുമ്പോഴേക്കും ഫോണ്‍ തകരാറായി.

വാങ്ങി ചൂടാറും മുന്നെ കേടായ ഫോണ്‍ അഷ്റഫിൻെറ ചങ്ക് തകർത്തെങ്കിലും നന്നാക്കാനായി മഡോണ സര്‍വീസ് സെന്ററില്‍ നല്‍കി. പല തവണ സർവീസ് സെന്ററിൽ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞെങ്കിലും ഫോൺ മാത്രം തിരികെ കിട്ടിയില്ല. ഒന്നര മാസം കൊണ്ട് 13 തവണയിൽ അധികമാണ് അഷ്റഫ് സർവീസ് സെന്ററിൽ കയറിയിറങ്ങിയത്. ഒാരോ തവണ ചെല്ലുമ്പോഴും ഫോൺ ഇപ്പൊ ശരിയാക്കാം എന്ന മറുപടി മാത്രം. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് ഇദ്ദേഹം ജില്ലാ ഉപഭോകൃത പരിഹാര ഫോറത്തില്‍ പരാതി നല്‍കാൻ തീരുമാനിച്ചത്.

വാദം കേട്ട ഉപഭോകൃത കോടതി മൊബൈല്‍ ഫോണിന്റെ പണവും നഷ്ടപരിഹാരവുമടക്കം 12,000 രൂപ നല്‍കാന്‍ വിധിച്ചു. ഫോണ്‍ വാങ്ങിയ കട, മഡോണ സിസ്റ്റം ആന്റ് സര്‍വീസ് സെന്റര്‍, സോണി കമ്പനി എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പൊല്ലാപ്പിനും എടങ്ങേറിനും കിട്ടിയ ന്യായമെന്ന് അഷ്റഫ്.

Top Stories
Share it
Top