ഉരുള്‍പൊട്ടിയ മേഖലയില്‍ ക്വാറിക്ക് നീക്കം; ഭീതിയില്‍ നാട്ടുകാര്‍

ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണാര്‍മലയുടെ നാല് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. മലയുടെ താഴ് വാരങ്ങളില്‍ നിരവധി കുടുംബങ്ങളാണ് അധിവസിക്കുന്നത്. ഇവരുടെയെല്ലാം ജീവന് ഭീഷണിയാകുന്നതാണ് പുതിയ നീക്കമെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍ദ്ദിഷ്ട ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെനിന്നും വലിയ കല്ലുകള്‍ സമീപത്തെ വീടുകളിലേക്ക് തെറിച്ചുവന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. കൂടാതെ മലതുരക്കുന്നതിനായി വെടിമരുന്നുകള്‍ കത്തിക്കുന്നതും ഇടതടവില്ലാതെ വലിയ ലോറികള്‍ ക്വാറിയിലേക്ക് ചീറിപാഞ്ഞ് പോകുന്നതും പ്രദേശവാസികളുടെ സ്വസ്ഥ ജീവിതത്തെ തകര്‍ത്തു.

ഉരുള്‍പൊട്ടിയ മേഖലയില്‍ ക്വാറിക്ക് നീക്കം; ഭീതിയില്‍ നാട്ടുകാര്‍

പെരിന്തല്‍മണ്ണ: നിരവധിതവണ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ ക്വാറി, ക്രഷര്‍ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. പെരിന്തല്‍മണ്ണ താലൂക്കിലെ കാര്യാവട്ടം വില്ലേജില്‍ മണ്ണാര്‍മലയിലാണ് പുതിയ ക്വാറി ആരംഭിക്കുന്നതിന് ശ്രമം ആരംഭിച്ചിരിക്കുന്നത്. നാലു തവണ ഉരുള്‍പൊട്ടലുണ്ടായ മേഖലയായിട്ടും പാരിസ്ഥിതിക ആഘാതങ്ങള്‍ പരിഗണിക്കാതെ അധികൃതരുടെ ഒത്താശയോടെയാണ് ക്വാറിക്ക് നീക്കമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാര്യാവട്ടം വില്ലേജില്‍ മണ്ണാര്‍മല ദേശത്തിന്റെ തെക്കു ഭാഗത്തും പെരിന്തല്‍മണ്ണ വില്ലേജില്‍ കക്കൂത്ത് ദേശത്തിന്റെ വടക്കു ഭാഗത്തും സ്ഥിതി ചെയ്യുന്ന ചെങ്കുത്തായ മലയായ മണ്ണാര്‍മലയിലാണ് ക്വാറി വരുന്നത്. മലയുടെ തെക്ക് ഭാഗത്തിന് മണ്ണാര്‍മല എന്നും പെരിന്തല്‍മണ്ണ വില്ലേജില്‍പെട്ട ഭാഗത്തിന് അമ്മിനിക്കാടന്‍ മല എന്നുമാണ് അറിയപ്പെടുന്നത്. ക്വാറിക്കായി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജിയോളജി അധികൃതര്‍ മലയില്‍ പരിശോധനക്കെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.

വളരെ അപകട സാദ്ധ്യത ഏറിയതും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുന്നതുമായ ക്വാറി ക്രഷര്‍ യൂണിറ്റ് പ്രദേശത്തിന്റെ ജൈവ വൈവിദ്ധ്യത്തെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും തകര്‍ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്വാറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ല കളക്ടര്‍, ജില്ല ജിയോളജിസ്റ്റ്, ജിയോളജി ഡയറക്ടര്‍, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍, ജില്ലാ പാരിസ്ഥിതിക പഠന വിഭാഗം എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് പലതവണ മണ്ണാര്‍മലയിലും സമീപപ്രദേശങ്ങളിലും ഉരുള്‍പൊട്ടലുണ്ടയിട്ടുണ്ട്. ഈ വിവരങ്ങളും കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പുനഃപരിശോധനക്ക് കളക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാര്‍ നാളിതുവരെയായിട്ടും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണാര്‍മലയുടെ നാല് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. മലയുടെ താഴ് വാരങ്ങളില്‍ നിരവധി കുടുംബങ്ങളാണ് അധിവസിക്കുന്നത്. ഇവരുടെയെല്ലാം ജീവന് ഭീഷണിയാകുന്നതാണ് പുതിയ നീക്കമെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍ദ്ദിഷ്ട ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെനിന്നും വലിയ കല്ലുകള്‍ സമീപത്തെ വീടുകളിലേക്ക് തെറിച്ചുവന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. കൂടാതെ മലതുരക്കുന്നതിനായി വെടിമരുന്നുകള്‍ കത്തിക്കുന്നതും ഇടതടവില്ലാതെ വലിയ ലോറികള്‍ ക്വാറിയിലേക്ക് ചീറിപാഞ്ഞ് പോകുന്നതും പ്രദേശവാസികളുടെ സ്വസ്ഥ ജീവിതത്തെ തകര്‍ത്തു. മലയോരത്തുള്ള കൃഷിഭൂമികള്‍ വരണ്ടുണങ്ങുന്നതിനും ക്വാറിപ്രവര്‍ത്തനം കാരണമായി. കൂടാതെ ക്വാറിപ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സമീപവാസികള്‍ക്ക് ആസ്തമ, വിട്ടുമാറാത്ത ചുമ തുടങ്ങിയ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ഇവിടുത്തെ വെള്ളം, വായു, തുടങ്ങിവയെല്ലാം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ക്വാറിമൂലം മലിനമായിരിക്കുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയൊന്നും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥര്‍ പുതിയ ക്വാറിക്കുള്ള അനുമതി നല്‍കാന്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

നിര്‍ദ്ദിഷ്ട ക്വാറി പ്രദേശത്ത് 2007ലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. കക്കൂത്ത് ദേശത്ത് മിച്ചഭൂമിയുമായാണ് മല അതിര്‍ത്തി പങ്കിടുന്നത്. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി ജൈവവൈവിധ്യ പാര്‍ക്കിന് ഏറ്റെടുക്കാന്‍ ആലോചിക്കുന്ന മേഖല കൂടിയാണിത്. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ ഉള്‍പ്പെടുന്നതാണ് പ്രദേശമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയൊന്നും പരിഗണിക്കാതെ അധികൃതര്‍ ക്വാറിക്ക് അനുമതി നല്‍കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാന്‍ നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്.