അവ​ഗണനകള്‍ക്ക് നടുവില്‍ മാമാങ്ക ചരിത്ര ശേഷിപ്പുകൾ

നിലപാടുതറ, മണിക്കിണർ, പഴുക്കാമണ്ഡപം, മരുന്നറ, ചങ്ങമ്പള്ളി കളരി എന്നിവയാണ് മാമാങ്കത്തിന്റെ സ്മരണകളായി തിരുനാവായയിൽ ഉള്ളത്. ഈ അഞ്ചു സ്മാരകങ്ങളും നിലകൊള്ളുന്ന സ്ഥലങ്ങളിൽ നിലവിൽ സന്ദർശകർക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ഇടമില്ല.

അവ​ഗണനകള്‍ക്ക് നടുവില്‍ മാമാങ്ക ചരിത്ര ശേഷിപ്പുകൾചങ്ങമ്പള്ളി കളരി (ഫയല്‍ ചിത്രം)

കുറ്റിപ്പുറം: ഭാരതപ്പുഴയുടെ തീരത്തെ മാമാങ്ക അവശേഷിപ്പുകൾ അവ​ഗണനകളുടെ നടുവിൽ. വര്‍ഷവും മാമാങ്ക മഹോത്സവം എന്ന പേരില്‍ ദിവസങ്ങള്‍ നീളുന്ന സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കപ്പെടുമ്പോഴും സ്മാരകങ്ങള്‍ക്ക് ശാപമോക്ഷമായിട്ടില്ല. 23 മുതലാണ് ഈ വര്‍ഷത്തെ മാമാങ്ക മഹോത്സവം. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് മാമാങ്ക സ്മാരകങ്ങൾ എങ്കിലും നടത്തിപ്പ് മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. എന്നാൽ ഈ ചരിത്ര ശേഷിപ്പുകളിലേക്ക് സന്ദർശകരെ ആകർഷിക്കത്തക്ക വിധത്തിൽ സത്വര നടപടികൾ സ്വീകരിക്കാനും അവ ഫലപ്രദമായി നടപ്പാക്കുന്നതിനും ഡി.ടി.പി.സിക്ക് സാധിച്ചിട്ടില്ല.

1991 മുതൽ തിരുന്നാവായയിലെ നിളാ തീരം കേന്ദ്രീകരിച്ച് മാമാങ്ക മഹോത്സവം ആരംഭിച്ചതോടെയാണ് ഈ പ്രദേശം കൂടുതൽ ജനശ്രദ്ധനേടിയത്. അന്നുതൊട്ട് ഈ ചരിത്രതിരുശേഷിപ്പുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും അപേക്ഷകളുമാണ് പുരാവസ്തു വകുപ്പിലേക്ക് എത്തിയിട്ടുള്ളത്. ഇതേതുടർന്ന് 2006ലാണ് സ്മാരകം സംരക്ഷിക്കുന്നതിന് സംസ്ഥാന പുരാവസ്തു വകുപ്പ് തയ്യാറാകുന്നതും ഡി.ടി.പി.സിയെ ദൈനംദിന പരിപാലന ചുമതല നൽകുന്നതും. എന്നാൽ ഇവിടെയെത്തുന്ന സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഡി.ടി.പി.സിക്ക് വീഴ്ച സംഭവിച്ചു.

നിലപാടുതറ, മണിക്കിണർ, പഴുക്കാമണ്ഡപം, മരുന്നറ, ചങ്ങമ്പള്ളി കളരി എന്നിവയാണ് മാമാങ്കത്തിന്റെ സ്മരണകളായി തിരുനാവായയിൽ ഉള്ളത്. ഈ അഞ്ചു സ്മാരകങ്ങളും നിലകൊള്ളുന്ന സ്ഥലങ്ങളിൽ നിലവിൽ സന്ദർശകർക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ഇടമില്ല. ഇത് സന്ദർശകരെ ഇവിടെനിന്നും അകറ്റുന്നു. അതേസമയം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിന് സമീപം ടൂറിസം വകുപ്പ് തീർത്ഥാടകർക്കായി സത്രം നിർമിച്ചിട്ടുണ്ടെങ്കിലും സ്മാരകങ്ങൾ കാണാൻ വരുന്നവർക്ക് ഇത് ഉപയോ​ഗപ്രദമല്ല. മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനും വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിനും നിരവധി പദ്ധതികളാണ് സർക്കാരിലേക്ക് സമർപ്പിച്ചത്.

പക്ഷെ ഒന്നുപോലും പരി​ഗണിക്കപ്പെട്ടില്ല. എന്നാൽ അടുത്തകാലത്തായി മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കമെന്ന പുതു ചിത്രത്തിന്റെ വാർത്തകേട്ട് പലരും സ്മാരകങ്ങൾ സന്ദർശിക്കുന്നതിനായി എത്തുന്നുണ്ട്. എന്നാൽ സ്മാകരങ്ങളിൽ പ്രധാനമായ നിലപാടു തറയിലേക്ക് എത്തിച്ചേരുന്നതിന് വഴിയില്ല. സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെവേണം അങ്ങോട്ടേയ്ക്ക് സന്ദർശകർക്ക് എത്താൻ. ഇവിടെ ഒരു ​ഗൈറ്റ് നിർമിക്കണമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ നടപടിക്രമങ്ങളിൽപ്പെട്ട് അവയെല്ലാം കടലാസിൽ മാത്രം ഒതുങ്ങിയിരിക്കയാണ്.

റീ എക്കൗയയുടെ നേതൃത്വത്തിൽ വർഷാവർഷം നടക്കുന്ന മാമാങ്ക മഹോത്സവം മാത്രമാണ് ഈ ചരിത്ര ശേഷിപ്പുകൾ ഇനിയും നശിച്ചിട്ടില്ല എന്നതനിന്റെ ആകെ തെളിവ്. പെരുമാക്കന്മാർ കൊച്ചി, വള്ളുവനാട്, വെട്ടത്ത് നാട് തുടങ്ങിയ വിവിധ രാജവംശങ്ങളുടെ ചരിത്രവും ജന്മനാടിന് വേണ്ടി ജീവൻ നൽകിയ ചെങ്ങഴി നമ്പ്യാരുടെയും ചെന്ദ്രത്തിൽ ചന്തുണ്ണിയുടെയും കൂട്ടാളികളുടെയും ധീരതയും ധർമോത്ത് പണിക്കരുടെയും ചെന്ദ്രത്ത് പണിക്കരുടെയും രാജ്യകൂറും സാമൂതിരിയുടെയും ഷാ ബന്തർക്കോയയുടെയും സൗഹാർദ്ദവുമാണ് മാമാങ്ക സ്മാരകങ്ങളിൽ നിലകൊള്ളുന്നത്. ഈ സമഗ്ര സാംസ്കാരിക-ചരിത്ര-തീർത്ഥാടന-പൈതൃത വിനോദ സഞ്ചാരത്തിന് ആക്കം കൂട്ടുന്ന പദ്ധതി ഉടൻ മാമാങ്ക സ്മാരക സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കണം എന്നാണ് ചരിത്രകാരന്മാരുടെ ഏകആവശ്യവും.

Read More >>