മുഖ്യമന്ത്രിക്ക് വധഭീഷണി; പ്രവാസി അറസ്റ്റിൽ

Published On: 19 Jun 2018 3:00 AM GMT
മുഖ്യമന്ത്രിക്ക് വധഭീഷണി; പ്രവാസി അറസ്റ്റിൽ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കു നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) അറസ്റ്റില്‍. അബുദാബിയിൽ നിന്ന് മടങ്ങി വരവെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇന്നലെ വൈകിട്ടാണ് ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ അഞ്ചിനാണ് അബുദാബിയിൽ വെച്ച് ഫേസ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധഭീഷണി മുഴക്കിയത്. ഇത് കൂടാതെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് കേരള പോലീസ് കേസെടുക്കുകയായിരുന്നു.

നാട്ടിലുണ്ടായിരുന്നപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നെന്നും ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിണറായിയെ അസഭ്യം പറഞ്ഞും മന്ത്രി എം എം മണിയെ വംശീയമായി അധിക്ഷേപിച്ചുമായിരുന്നു ഭീഷണി. എന്നാല്‍, വീഡിയോ വൈറല്‍ ആകുകയും പല ഭാഗത്തു നിന്നും പ്രതിഷേധം ഉയരുകയും ചെയ്തപ്പോള്‍ മാപ്പ് ചോദിച്ചുകൊണ്ട് ഇയാള്‍ വീണ്ടും ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയോടും കുടുംബത്തോടും വല്ലാത്ത അപരാധമാണ് ചെയ്തതെന്നും മാപ്പുതരണമെന്നും കൃഷ്ണകുമാര്‍ നായര്‍ രണ്ടാമത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു. മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

വീഡിയോ വൈറലായ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയി. ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കുന്നതല്ല തങ്ങളുടെ നയമെന്നും കമ്പനി വക്താവ് അറിയിച്ചു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി വിമാനത്താവളം വഴിയാണ് കൃഷ്ണകുമാര്‍ ഇന്ത്യയിലെത്തുന്നത് എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഡല്‍ഹി പോലീസിന് കൈമാറി. ഇന്നലെ വൈകീട്ട് വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top Stories
Share it
Top