മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനം

Published On: 28 May 2018 4:00 PM GMT
മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കുമളി വില്ലേജില്‍ തമിഴ്നാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം അടിയന്തിരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വനം, ആര്‍ക്കിയോളജി, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു. 2016 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാരണം നടത്തണമെന്നാണ് തീരുമാനം. നശിച്ചുപോയ വിഗ്രഹത്തിന് പകരം വിഗ്രഹം സ്ഥാപിക്കുന്നതിന്‍റെ ചുമതല ദേവസ്വം ബോര്‍ഡിനായിരിക്കും.

തേനി, ഇടുക്കി കലക്ടര്‍മാരുടെ സംയുക്ത നേതൃത്വത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം വര്‍ഷംതോറും ഇവിടെ നടന്നുവരുന്നുണ്ട്. പൂജകള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആചാരപ്രകാരമാണ് നടത്തുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലക്ക് സമീപമാണെങ്കിലും ക്ഷേത്രം പൂര്‍ണമായി കേരളത്തിലാണ്. ചരിത്രരേഖകള്‍ പ്രകാരം മംഗളാദേവി ക്ഷേത്രം പൂഞ്ഞാര്‍ കോവിലകത്തിന്‍റെ കൈവശത്തിലായിരുന്നു. പിന്നീട് അത് തിരുവിതാംകൂര്‍ രാജവംശത്തിന് കൈമാറി.

Top Stories
Share it
Top