താമരശ്ശേരി മേഖലയില്‍ മാവോവാദി സാന്നിദ്ധ്യം: നിരീക്ഷണം ശക്തമാക്കി പൊലീസ്

Published On: 2018-07-18T14:00:00+05:30
താമരശ്ശേരി മേഖലയില്‍ മാവോവാദി സാന്നിദ്ധ്യം: നിരീക്ഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട്: ഇന്നലെ താമരശ്ശേരി പുതുപ്പാടിയിലെത്തിയ മാവോവാദി സംഘത്തിലുണ്ടായിരുന്നത് ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേരെന്ന് പോലീസ് കണ്ടെത്തല്‍. ആയുധ ധാരികളായ ഇവര്‍ കണ്ണപ്പന്‍കുണ്ട് മടിക്കുന്ന് പരപ്പന്‍പാറ സ്‌കറിയയുടെ വീട്ടില്‍ രാത്രി ഏഴരയോടെയാണ് എത്തിയത്. തുടര്‍ന്ന് ഭക്ഷണവും ഭക്ഷ്യവസ്തുക്കളും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം അരിയുള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങളുമായാണ് ഇവര്‍ മടങ്ങിയതെന്നും താമരശ്ശേരി ഡി.വൈ.എസ്.പി പി. ബിജുരാജ് തത്സമയത്തോട് പറഞ്ഞു.

രണ്ടര മണിക്കൂറോളം സ്‌കറിയയുടെ വീട്ടില്‍ ചിലവഴിച്ച മാവോവാദികള്‍ പത്ത് മണിയോടെയാണ് കാട്ടിലേക്ക് തിരിച്ചത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ചന്ദ്രുവാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മാവോവാദികളുടെ ചിത്രങ്ങള്‍ കാണിച്ച് ഇവരെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

ഇന്റലിജന്‍സ് ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗവും താമരശ്ശേരി പൊലീസും സ്ഥലം സന്ദര്‍ശിച്ചു. തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചക്കിടയില്‍ രണ്ടാം തവണയാണ് ഈ മേഖലയില്‍ മാവോവാദികള്‍ എത്തുന്നത്. തുടര്‍ച്ചയായി മാവോവാദികള്‍ എത്തുന്ന സാഹചര്യത്തില്‍ താമരശ്ശേരി മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. പുതുപ്പാടിയിലെത്തിയ മാവോവാദി സംഘത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രദേശിവാസികളില്‍ നിന്നും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി.വൈ.എസ്.പി കൂട്ടിച്ചേർത്തു.

Top Stories
Share it
Top