ചിരിയുടെ അമിട്ടുപൊട്ടിച്ച് മാപ്പിളതമാശകള്‍

Published On: 2018-07-08T18:30:00+05:30
ചിരിയുടെ അമിട്ടുപൊട്ടിച്ച് മാപ്പിളതമാശകള്‍

കോഴിക്കോട്: മാപ്പിളതമാശകളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയപ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചിരിയുടെ പൊട്ടിത്തെറി. മാപ്പിളമാരെക്കുറിച്ചും മാപ്പിളമാര്‍ക്കിടയിലുള്ള താമശകളെകുറിച്ചും ശേഖരിക്കുന്നതിനായി മോയികുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച 'മാപ്പിളതമാശ' പരിപാടിയാണ് ചിരി ഉത്സവമായി മാറിയത്. പപ്പടം കല്ല്യാണം മുടക്കിയ കഥ കോണ്‍ഗ്രസ് നേതാവ് കെ.സി. അബു പറഞ്ഞപ്പോള്‍ ചിരി അടയ്ക്കി പിടിച്ചവര്‍ പോലും ചിരിച്ചുപോയി.

കല്ല്യാണ പന്തലില്‍ നിന്ന് പപ്പടം കാലില്‍ വീണപ്പോള്‍ കാലില്‍ വീണത് കഠാരകത്തിയാണെങ്കിലോ എന്ന് ചോദിച്ച് അടിയുണ്ടാക്കിയ കഥ കേട്ടവരാരും ഇനി മറക്കില്ല. മാപ്പിള താമാശകള്‍ക്കുപുറമേ തമാശപ്പാട്ടുകളും ടൗണ്‍ഹാളിലെ ചടങ്ങിനെ സമ്പന്നമാക്കി. ഒരു കാലത്ത് സമൂഹത്തെ ഒട്ടാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തമാശകള്‍ ഓര്‍ത്തെടുക്കാനും ഡോക്യുമെന്റ് ചെയ്യാനുമാണ് അക്കാദമിയുടെ ലക്ഷ്യം.

ഫോക്ക്‌ലോറിന്റെ ഭാഗമായ മാപ്പിള ഫോക്ക്‌ലോറുമായി ബന്ധപ്പെട്ടാണ് സമാഹാരം നടക്കുന്നത്. മാപ്പിള തമാശകള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ പല തമാശകളും ഇന്നത്തെ കാലത്തില്ല. ഇപ്പോഴും അവ അറിയുന്നവര്‍ വളരെ കുറിച്ച് ആളുകളെയുള്ളുയെന്നും മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് വയമ്പ്രോട് പറഞ്ഞു. ഡോ. എം.എന്‍. കാരശേരി, ചാത്തനാട്ട് അച്യുതന്‍ ഉണ്ണി, കാനേഷ് പൂനൂര്‍ തുടങ്ങിയവരുട നേതൃത്വത്തിലാണ് പരിപാടി നടന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നും ആളുകളെത്തി.

ചില മാപ്പിളതമാശകള്‍

* മൂവന്തിനേരത്ത് വെളിയിലൂടെ ആരോ നടക്കുന്നതു കണ്ട് മമ്മദിന് കലികയറി: 'ഏത് ഹമ്ക്കാടാ വെളേക്കൂടി നടക്ക്ണ്' നടന്ന ആള്‍ നേരേ വന്ന് വീട്ടിലേക്കു കയറിയപ്പോള്‍ മമ്മദ് ബേജാറായിപ്പോയി: 'പടച്ചോനേ, എളാപ്പയായിര്‌ന്നോ? ഞാന്‍ ബിജാരിച്ച് ബാപ്പയായിരിക്കുംന്ന്!'

* ഹാജിയാരുടെ കളംകാവല്‍ക്കാരന്‍ കുഞ്ഞാലിയോട് എന്തുചോദിച്ചാലും 'ഇല്ല' എന്നേ പറയൂ. ഇതു കേട്ട് ഹാജിയാര്‍ക്കു മടുത്തു. അവന്റെ വായില്‍നിന്ന് 'ഉണ്ട്' എന്നൊന്ന് കേള്‍ക്കാന്‍ മൂപ്പര്‍ക്കു പൂതിയായി. ഒടുക്കം ഹാജിയാര്‍ ചോദിച്ചു: 'കുഞ്ഞാലൂ, ഇബടെ എലിയുണ്ടോ?' കുഞ്ഞാലി പറഞ്ഞു: 'ന്റെ മൊതലാളീ, ഇബടെ എലിയല്ലാതൊന്നുംല്ല'.

* നിര്‍ത്തിയിട്ട ബസ്സില്‍നിന്നിറങ്ങി ചായ കുടിച്ചുകൊണ്ടിരുന്ന ബീരാനോട് അടുത്തിരുന്ന ആള്‍: 'അതാ ബസ്സ് പോകുന്നു.' ഉടനെ ബീരാന്‍: 'അതെങ്ങനെയാ ബസ്സ് പൊയ്ക്കാള്ആ? ടിക്കറ്റ് ന്റെ കയ്യിലല്ലേ?'

Top Stories
Share it
Top