കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരം മറച്ചുവെച്ചു; ആലഞ്ചേരിക്കെതിരെ പോലിസില്‍ പരാതി

Published On: 2018-07-01T13:30:00+05:30
കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരം മറച്ചുവെച്ചു; ആലഞ്ചേരിക്കെതിരെ പോലിസില്‍ പരാതി

കൊച്ചി:ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം സഭയെ പിടിച്ചു കുലുക്കിയതിന് പിന്നാലെ ഇതേ സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ് കര്‍ദിനാളിനെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്.

തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചു വച്ചുവെന്നാണ് എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനം പോലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ആലഞ്ചേരി ശ്രമിച്ചെന്നും പീഡനം മറച്ചു വച്ച ആലഞ്ചേരിക്കെതിരെ കേസെടുക്കെണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

2014 മെയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗസ്റ്റ് ഹൗസില്‍ വച്ച് തന്നെ മാനഭംഗത്തിന് ഇടയാക്കിയെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേക്കുറിച്ച് ഇവര്‍ പിന്നീട് സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

Top Stories
Share it
Top