മരട് അപകടം:ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു

Published On: 2018-06-17T16:30:00+05:30
മരട് അപകടം:ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു

കൊച്ചി: മരട് കാട്ടിത്തറ റോഡിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. നാലു വയസ്സുകാരി കരോൾ തെരേസയാണു മരിച്ചത്.

യുകെജി വിദ്യാർഥികളായ ആദിത്യൻ (നാല്), വിദ്യാലക്ഷ്മി (നാല്) സ്കൂളിലെ ആയ ലത ഉണ്ണി (38) എന്നിവരാണ് ജൂൺ 11നുണ്ടായ അപകടത്തിൽ മരിച്ചത്. കരോൾ ചികിത്സയിലിരിക്കെയാണു മരിച്ചത്. കരോളിന്റെ നില ഗുരുതമായി തുടരുകയായിരുന്നു. ഡ്രൈവർ അനിൽകുമാറും (ബാബു) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

ജൂൺ 11നു വൈകിട്ടു നാലോടെ കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്നിൽ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്കാണു വാൻ മറിഞ്ഞത്. എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണു വണ്ടിയില്‍ ഉണ്ടായിരുന്നത് . ഇടത്തേക്കു‌ള്ള വളവു തിരിയുന്നതിനിടെ വലത്തേക്കു പാളിയ വാൻ പുല്ലിൽ തെന്നിയശേഷം ആദ്യം അൽപം മറിഞ്ഞുനിന്നു. ശബ്ദം കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും വാഹനം സാവധാനം കുളത്തിലേക്കു പൂർണമായി മറിയുകയായിരുന്നു

നാട്ടുകാരും ഡ്രൈവറും ചേർന്ന് ആറു കുട്ടികളെ രക്ഷിച്ചു. കയർ കെട്ടി വാഹനം ഉയർത്തിയ ശേഷമേ വിദ്യാലക്ഷ്മിയെയും ആദിത്യനെയും ലതയെയും പുറത്തെടുക്കാനായുള്ളൂ. അപ്പോഴേക്കും അര മണിക്കൂർ പിന്നിട്ടിരുന്നു.

Top Stories
Share it
Top