മരട് ഫ്‌ളാറ്റ കേസ്; ഫ്‌ളാറ്റുകള്‍ പരിശോധിക്കാനെത്തിനെത്തിയ ചീഫ് സെക്രട്ടറിയെ തടഞ്ഞു

തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സര്‍ക്കാറിന് നല്‍കിയ അന്ത്യശാസനം

മരട് ഫ്‌ളാറ്റ കേസ്; ഫ്‌ളാറ്റുകള്‍ പരിശോധിക്കാനെത്തിനെത്തിയ ചീഫ് സെക്രട്ടറിയെ തടഞ്ഞു

കൊച്ചി: അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ അടിയന്തരമായി പൊളിച്ച് മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ പരിശോധിക്കാനെത്തിയ ചീഫ് സെക്രട്ടറിയെ തടഞ്ഞു. ഫ്‌ളാറ്റുടമകളാണ് സെക്രട്ടറിയെ സംഘം ചേര്‍ന്ന തടഞ്ഞത്. ഗോ ബാക്ക് വിളികളുമായെത്തിയ അവര്‍ സെക്രട്ടറിയെ ഫ്‌ളാറ്റിനകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല.

തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സര്‍ക്കാറിന് നല്‍കിയ അന്ത്യശാസനം. ഇതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി സ്ഥലത്ത് എത്തിയത്.

ഫ്‌ളാറ്റ് സന്ദര്‍ശിച്ച ശേഷം അവ പൊളിച്ച് മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരാന്‍ തീരുമാനിച്ചതാണ്. പൊതുമരാമത്തടക്കമുള്ള ആറ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരാണ് യോഗത്തില്‍ പങ്കെടുക്കുക. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ വിളിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ യോഗം ഇന്നു കൈകൊള്ളും. കൗണ്‍സില്‍ തീരുമാന പ്രകാരം വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചത്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍ അതിന്റെ ബാധ്യതയും പുനരധിവാസവും ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മരട് നഗരസഭ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് കാണിച്ച് മരട് നഗരസഭയ്ക്കും ജില്ലാഭരണകൂടത്തിനും ചീഫ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. കത്തിന് മറുപടിയായാണ് നഗരസഭ നിലപാട് വ്യക്തമാക്കിയത്.

ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ശരാശരി 30 ലക്ഷം രൂപ ചെലവാകുമെന്നാണ് നഗരസഭ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നഗരസഭ ബാധ്യസ്ഥരാണ്. എന്നാല്‍, ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ല. ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സര്‍ക്കാര്‍ സഹായം വേണമെന്നും നദീറ വ്യക്തമാക്കി. ഇതുകൂടാതെ, ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യ പ്രശ്‌നവും ഭൂരിഭാഗം വരുന്ന ആളുകളുടെ പുനരധിവാസവും സംബന്ധിച്ചും നഗരസഭ ആശങ്ക പ്രകടിപ്പിച്ചു.

Next Story
Read More >>