‘പെടക്കണ മീനു‘മായി മത്സ്യഫെഡ്

Published On: 2018-07-07 10:00:00.0
‘പെടക്കണ മീനു‘മായി മത്സ്യഫെഡ്

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് വിപണിയിലെത്തിക്കാന്‍ പുതിയ പദ്ധതിയുമായി മത്സ്യഫെഡ്. തീരത്തില്‍ നിന്ന് വിപണിയിലേയ്ക്ക് (കോസ്റ്റ് ടു മാര്‍ക്കറ്റ്) എന്നപേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പ്പനത്തിന് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

100 കോടിയോളം രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന തീരദേശ മത്സ്യസംഭരണ സംവിധാനങ്ങളിലൂടെ തീരദേശ ലോക സംവിധാനം ശക്തിപ്പെടുത്തും. മത്സ്യമാര്‍ക്കറ്റുകളും സഹകരണ സംഘങ്ങളും മുഖേനയായിരിക്കും മത്സ്യ വില്‍പ്പന. നിലവിലുള്ള മത്സ്യഫെഡ് മത്സ്യമാര്‍ട്ടുകളുടെ എണ്ണം 200 ആയി വര്‍ദ്ധിപ്പിച്ച് ഗുണമേന്മയുള്ള മത്സ്യത്തിന്റെ വിതരണം വര്‍ദ്ധിപ്പിക്കും. കയറ്റുമതിയ്ക്ക് യോഗ്യമായ മത്സ്യങ്ങളുടെ സംഭരണത്തിനും വില്‍പ്പനയ്ക്കും കയറ്റുമതി കമ്പനികളുമായി ഉടമ്പടി കരാറില്‍ ഏര്‍പ്പെടും.

മത്സ്യത്തിന് വില കുറയുന്ന അവസരങ്ങളില്‍ മത്സ്യഫെഡിന്റെ മത്സ്യ തീറ്റ, വളം നിര്‍മ്മാണ ഫാക്ടറികള്‍ക്ക് മത്സ്യം നല്‍കും. മത്സ്യഫെഡ് ഐസ് ആന്‍ഡ് ഫ്രീസിംഗ് പ്ലാന്റിലൂടെ വിവിധതരം മത്സ്യങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സി.പി. രാമദാസ്, വത്സലാ ജോസഫ്, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top