മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published On: 3 July 2018 12:30 PM GMT
മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെല്ലൂന്നിയിലെ പി.വി.സച്ചിന്‍ (24), മട്ടന്നൂര്‍ കൊക്കയിയെ കെ.വി.സുജി (21), നീര്‍വേലിയിലെ പി.വി.വിജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ മൂവരും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ ജോഷി ജോസും സംഘവും അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

ഞായറാഴ്ച വൈകിട്ട് 3.15 ഓടെ മട്ടന്നൂര്‍ - ഇരിട്ടി റോഡില്‍ പഴയ മദ്യശാലയ്ക്ക് സമീപത്തുണ്ടായ അക്രമത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. കൈക്കും വയറിനും വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരും പുലിയങ്ങോട്, ഇടവേലിക്കല്‍ സ്വദേശികളുമായ പി. ലനീഷ് (32), പി. ലതീഷ് (28), ടി.ആര്‍.സായൂഷ് (34), എന്‍.ശരത്ത് (28) എന്നിവര്‍ ചികില്‍സയിലാണ്. ഗുരുതരമായി പരിക്കേറ്റ ലനീഷ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മറ്റുള്ളവര്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലുമാണ് ചികില്‍സയില്‍ കഴിയുന്നത്. പരിക്കേറ്റവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നത്.

സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം അക്രമികളില്‍ നാലുപേര്‍ ഒരു ബൈക്കില്‍ കയറി പോകുന്ന സി.സി.ടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇതില്‍ നിന്നു പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്.

Top Stories
Share it
Top