വികസനത്തിന്റെ രാഷ്ട്രീയമാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഉയര്‍ത്തേണ്ടത്: മന്ത്രി കെ.ടി. ജലീല്‍

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തി കൊണ്ടുവരേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍. അങ്കമാലി...

വികസനത്തിന്റെ രാഷ്ട്രീയമാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഉയര്‍ത്തേണ്ടത്: മന്ത്രി കെ.ടി. ജലീല്‍

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തി കൊണ്ടുവരേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെയും തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെയും നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലും ലോകസഭയിലും പ്രതിപക്ഷ അംഗങ്ങളുണ്ട്. പക്ഷേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലില്ല. ഭരണ സമിതി അംഗങ്ങള്‍ മാത്രമേ ഉള്ളൂ. കക്ഷിരാഷ്ട്രീയത്തിനതീതമായി വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.

നികുതി പിരിവിലും പദ്ധതി വിഹിത വിനിയോഗത്തിലും നൂറു ശതമാനം നേട്ടം കൈവരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള വിനിയോഗ ഫണ്ട് ആ വര്‍ഷം തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഫണ്ട് പാഴായി പോകും. അടുത്ത വര്‍ഷത്തെ ഫണ്ടില്‍ നിന്നു വേണം പൂര്‍ത്തീകരിക്കാത്ത പദ്ധതിക്കുള്ള പണം കണ്ടെത്താന്‍. ഇത് കൂടുതല്‍ ബാധ്യതക്ക് ഇടവരുത്തും. ഫണ്ട് നഷ്ടപ്പെടുത്തുന്ന ഭരണ സമിതികള്‍ ജനങ്ങള്‍ക്ക് ഭാരമാണെന്നും മന്ത്രി പറഞ്ഞു.

സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോജി.എം.ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് രാജ് നിയമത്തിനു മുമ്പ് ജനപ്രതിനിധികളായിരുന്നവരെ ചടങ്ങില്‍ ആദരിച്ചു. കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കാലടി എന്നീ പഞ്ചായത്തുകളില്‍ ജനപ്രതിനിധികളായിരുന്നവരെയാണ് ആദരിച്ചത്. പഞ്ചായത്ത് രാജ് നിയമം പിന്നിട്ട കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തില്‍ സെമിനാറും നടന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍, മുന്‍ എം.എല്‍.എമാരായ ജോസ് തെറ്റയില്‍, പി.ജെ.ജോയ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. എ ഗ്രേസി, ജില്ലാ പഞ്ചായത്തംഗം സാംസണ്‍ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Read More >>